Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ്; പുതിയ ലേബല്‍ നിര്‍ബന്ധമാക്കാന്‍ നീക്കം
reporter

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗണ്‍ ആകൃതിയിലുള്ള മുന്നറിയിപ്പ് അടയാളം നല്‍കാനാണ് നിര്‍ദേശം. ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഭക്ഷ്യവസ്തുക്കളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് നിര്‍ണയിക്കുക. ശീതളപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പഞ്ചസാരയോ ഉപ്പോ കൊഴുപ്പോ ഉണ്ടെങ്കില്‍ റെഡ് വാണിങ് നല്‍കേണ്ടിവരുമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

പാക്കറ്റിലെ പോഷകവിവരങ്ങള്‍ രേഖപ്പെടുത്തുന്ന അക്ഷരങ്ങളേക്കാള്‍ കുറഞ്ഞത് ഒരു പോയിന്റ് വലുപ്പം കൂടുതലുള്ള അക്ഷരങ്ങളിലായിരിക്കണം മുന്നറിയിപ്പ് നല്‍കേണ്ടത്. ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ എളുപ്പത്തില്‍പ്പെടുന്ന വിധത്തിലായിരിക്കും മുന്നറിയിപ്പ് അടയാളം ക്രമീകരിക്കുക. പുതിയ സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ഭക്ഷ്യനിര്‍മാണ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ചേരുവകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പുതിയ ലേബലിങ് സംവിധാനത്തിലേക്ക് മാറാനും സമയം അനുവദിക്കും. ഉപഭോക്താക്കള്‍ക്കും പുതിയ മുന്നറിയിപ്പ് സംവിധാനവുമായി പരിചിതരാകാന്‍ ആവശ്യമായ സമയം നല്‍കും. അതേസമയം, നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയ ഒറ്റ ചേരുവയുള്ള പാക്കറ്റ് ഉല്‍പ്പന്നങ്ങളെ പുതിയ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശം. പ്രകൃതിദത്തമായി തന്നെ കൊഴുപ്പ്, പഞ്ചസാര അല്ലെങ്കില്‍ ഉപ്പ് കൂടുതലുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. പാക്കറ്റ് ഭക്ഷണങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതിയ നിര്‍ദേശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

 
Other News in this category

 
 




 
Close Window