മലപ്പുറം: സമസ്ത ജംഇയ്യത്തുല്‍ ഉലമയിലെ ആഭ്യന്തര ഭിന്നതയ്ക്കിടെ വഖഫ് വിഷയത്തില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ് അനുകൂല വിഭാഗം. സെപ്റ്റംബര്‍ 11ന് മലപ്പുറത്താണ് യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. യോഗത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ലീഗ് അനുകൂലികള്‍ കഴിഞ്ഞ ദിവസം പ്രാഥമിക യോഗം ചേര്‍ന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍ദേശിച്ചിരിക്കെയാണ് ഒരു വിഭാഗം വിശദീകരണ യോഗവുമായി മുന്നോട്ടുപോകുന്നത്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗവും മറ്റ് നേതാക്കളുടെ പ്രസ്താവനകളും മുശാവറയില്‍ ചര്‍ച്ച ചെയ്യുമെന്നും അതുവരെ നേതാക്കള്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ജിഫ്രി തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ നിര്‍ദേശം നിലനില്‍ക്കുന്നതിനിടയിലും വിശദീകരണ യോഗം നടത്താനുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്. ഉമര്‍ ഫൈസി മുക്കത്തെ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ലീഗ് അനുകൂല വിഭാഗം ശക്തമാക്കിയിട്ടുണ്ട്. സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ വിമര്‍ശനങ്ങളാണ് സമസ്തയിലെ പുതിയ ഭിന്നതയ്ക്ക് വഴിവച്ചത്. കെ.എസ്. ഹംസയെയും തന്നെയും വഖഫ് ബോര്‍ഡില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും തന്നെ സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയെന്നും ഉമര്‍ ഫൈസി ആരോപിച്ചിരുന്നു. 'വഖഫ് നിയമവും യു.ഡി.എഫിന്റെ കീഴടങ്ങലും' എന്ന വിഷയത്തില്‍ നടന്ന സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും ലീഗ് അനുകൂല വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായി.
നേരത്തെയും ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് നീക്കണമെന്ന ആവശ്യം ലീഗ് അനുകൂല വിഭാഗം ഉയര്‍ത്തിയിരുന്നു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ സമസ്തയുടെ പോഷക സംഘടനകളിലെ നേതാക്കള്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു. സിപിഎം വേദികളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉമര്‍ ഫൈസി സമസ്തയ്ക്ക് അവമതിപ്പുണ്ടാക്കുകയാണെന്നാണ് ഇവരുടെ ആരോപണം. സെപ്റ്റംബര്‍ 11ലെ വിശദീകരണ യോഗത്തോടെ സമസ്തയിലെ ഭിന്നത കൂടുതല്‍ പരസ്യമാകുമെന്നാണ് വിലയിരുത്തല്‍.