തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും തുല്യരായി കാണുകയും ലിംഗനീതി ഉറപ്പാക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളെ പൊതുരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്ന സമീപനങ്ങള്‍ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്ന ഇരുണ്ട കാലഘട്ടം രാജ്യത്തിനുണ്ടായിരുന്നു. നവോത്ഥാന നായകരുടെയും പുരോഗമന ചിന്താഗതിക്കാരായ സ്ത്രീപുരുഷന്മാരുടെയും നിരന്തര പോരാട്ടങ്ങളുടെ ഫലമായാണ് സ്ത്രീകള്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
ഇന്ന് പെണ്‍കുട്ടികളും സ്ത്രീകളും മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടി തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ കഴിവ് തെളിയിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമടക്കം മികച്ച ഭരണാധികാരികളായി സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ മുന്നേറുന്നു. രാജ്യത്തിന്റെ രാഷ്ട്രപതി ഒരു വനിതയാണെന്നും ഇന്ദിരാഗാന്ധി ദീര്‍ഘകാലം ഇന്ത്യയെ നയിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും എല്ലാ അവസരങ്ങളിലേക്കും തുല്യമായ അവകാശമുണ്ട്. അതിനാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന സമീപനങ്ങള്‍ കേരളത്തിനോ ഇന്ത്യയ്‌ക്കോ ലോകത്തിനോ മാതൃകയാകാന്‍ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതോടൊപ്പം രാജ്യത്തെ സ്ത്രീകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശങ്ങളുള്ള വ്യക്തികളാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു.
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. രാജ്യത്തെ ഭൂരിഭാഗം ആളുകളും സ്വന്തം മതവിശ്വാസങ്ങള്‍ പിന്തുടരുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന് അഭിമാനമായി മാറുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്കുണ്ടെന്നും സ്ത്രീകള്‍ക്ക് കേരളത്തിലെ പൊതുസമൂഹം നല്‍കുന്ന പിന്തുണ സന്തോഷകരമാണെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ മികച്ച ഭരണാധികാരികളായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള നിലപാട് ഇന്നത്തെ കാലഘട്ടത്തില്‍ പൊതുസമൂഹത്തിന് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.