Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം: ദീപ്തി മേരി വര്‍ഗീസും അയിഷാ പോറ്റിയും പരിഗണനയില്‍
reporter

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ എംഎല്‍എ അഡ്വ. അയിഷാ പോറ്റി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് ദീപ്തി മേരി വര്‍ഗീസ് അറിയപ്പെടുന്നത്. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണയാണ് അയിഷാ പോറ്റിയുടെ പ്രധാന കരുത്തായി വിലയിരുത്തപ്പെടുന്നത്. ഇതോടെ അധ്യക്ഷ നിയമനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ വിവിധ വിഭാഗങ്ങളുടെ നിലപാട് നിര്‍ണായകമാകും.

സിപിഎമ്മുമായി അകന്ന് നിന്നിരുന്ന അയിഷാ പോറ്റിയെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു. പിന്നീട് കൊട്ടാരക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അയിഷാ പോറ്റി കെ.എന്‍. ബാലഗോപാലിനോട് പരാജയപ്പെട്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് താനും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസും വ്യക്തമാക്കി. ഇത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട് പല പേരുകളും ചര്‍ച്ചയാകുന്നത് സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. എറണാകുളത്തെ മുതിര്‍ന്ന വനിതാ നേതാവായ ദീപ്തി മേരി വര്‍ഗീസ് അധ്യക്ഷ പദവിക്ക് അര്‍ഹയാണെന്ന അഭിപ്രായവും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ദീപ്തിക്ക് ഉറപ്പുനല്‍കിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, തുടര്‍ച്ചയായി 15 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് അയിഷാ പോറ്റിയുടെ സാധ്യത ശക്തമാക്കുന്നത്. നിയമപരവും ഭരണപരവുമായ പരിചയം വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അവരുടെ പേരിന് മുന്‍തൂക്കം നല്‍കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വമാണ് കൈക്കൊള്ളുക. രണ്ട് മുതിര്‍ന്ന വനിതാ നേതാക്കളുടെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനം പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ കൂടി പരീക്ഷണമായി മാറിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window