Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6487 INR  1 EURO=109.7333 INR
ukmalayalampathram.com
Sat 05th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഴ കുറഞ്ഞു, കേരളത്തില്‍ ചൂട് കനക്കുന്നു; പുനലൂരില്‍ 35 ഡിഗ്രി കടന്നു
reporter

തിരുവനന്തപുരം: കാലവര്‍ഷം പിന്മാറുന്നതിന് മുമ്പേ കേരളത്തില്‍ ചൂട് കനക്കുന്നു. മഴ ദുര്‍ബലമായതോടെയാണ് സെപ്റ്റംബര്‍ ആദ്യവാരം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്നത്. പുനലൂരില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നപ്പോള്‍ മറ്റ് ജില്ലകളിലും ചൂട് വര്‍ധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തിന് ഇനിയും മാസങ്ങള്‍ ബാക്കിയിരിക്കെ മഴക്കാലത്തുതന്നെ അനുഭവപ്പെടുന്ന കടുത്ത ചൂട് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തുനിന്ന് പിന്മാറാന്‍ ഇനിയും സമയമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. കാലവര്‍ഷ സീസണില്‍ ഇതുവരെ സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള ഒരാഴ്ചയില്‍ മഴക്കുറവ് 64 ശതമാനമായി. ഈ കാലയളവില്‍ സാധാരണയായി 76.2 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 27.4 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്.

ജൂണ്‍ മുതല്‍ ഇതുവരെ സംസ്ഥാനത്ത് 1769.9 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 1369.6 മില്ലീമീറ്റര്‍ മാത്രം. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചതോടെ മികച്ച മഴ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ മഴയുടെ അളവ് കുറഞ്ഞു. മഴ ദുര്‍ബലമായതും ആകാശം തെളിഞ്ഞുനില്‍ക്കുന്നതുമാണ് പകല്‍ താപനില ഉയരാന്‍ കാരണമാകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും പസഫിക് സമുദ്രത്തിലെ എല്‍ നിനോ സാഹചര്യവും മഴയുടെ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലവര്‍ഷം പ്രതീക്ഷിച്ച മഴ നല്‍കാതെ പിന്മാറുന്ന സാഹചര്യത്തില്‍ ഇനി പ്രതീക്ഷ വടക്കുകിഴക്കന്‍ മണ്‍സൂണായ തുലാവര്‍ഷത്തിലാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കേരളത്തിലെ തുലാവര്‍ഷക്കാലം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തെക്കന്‍, മധ്യകേരളത്തിലാണ് സാധാരണയായി തുലാവര്‍ഷം കൂടുതല്‍ മഴ നല്‍കുന്നത്. അതിനാല്‍ കാലവര്‍ഷത്തിലെ മഴക്കുറവ് ഒരു പരിധിവരെ നികത്താന്‍ തുലാവര്‍ഷത്തിന് കഴിയുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവര്‍ഷം സജീവമായിരുന്ന സമയത്ത് ഇത് 80 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയും 4850 മെഗാവാട്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സാധാരണ മഴക്കാലത്ത് 4000 മെഗാവാട്ടില്‍ താഴെ നില്‍ക്കേണ്ട സ്ഥാനത്താണ് ഉപഭോഗത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും വൈദ്യുതി ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window