തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. പ്രാദേശിക നേതാക്കള്‍ തന്നെ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചപ്പോള്‍, എംഎല്‍എ തങ്ങളെ ആക്രമിച്ചെന്നാണ് മറുഭാഗത്തിന്റെ ആരോപണം. സംഭവത്തിനുശേഷം രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. യോഗത്തില്‍ പ്രദീപ് ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. യോഗവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. പിഎ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗ്രൂപ്പില്‍ സന്ദേശമിട്ടതായാണ് വിവരം.
പിന്നീട് രമ്യ ഹരിദാസും പാളയം പ്രദീപും ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിക നേതാവിന്റെ വീട്ടിലെത്തി. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. വിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയതോടെ തര്‍ക്കം രൂക്ഷമാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 'എന്റെ കൈ വിടടാ', 'നീയാരാടാ' തുടങ്ങിയ പരാമര്‍ശങ്ങള്‍ എംഎല്‍എ നടത്തുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. രമ്യ ഹരിദാസ് ഒരു പ്രാദേശിക നേതാവിനെ അടിക്കുന്നതായി വ്യക്തമാക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. അതേസമയം, തന്നെ പ്രാദേശിക നേതാക്കള്‍ ആക്രമിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം. സംഭവത്തിനുശേഷം ചിറയിന്‍കീഴ് പൊലീസ് രമ്യ ഹരിദാസിന്റെ മൊഴി രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരും എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും പരാതികളും പുറത്തുവന്ന ദൃശ്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. കോണ്‍ഗ്രസിനകത്തെ പ്രാദേശിക തര്‍ക്കം എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള പരസ്യ കയ്യാങ്കളിയിലേക്ക് എത്തിയതോടെ സംഭവം രാഷ്ട്രീയ ചര്‍ച്ചയായിരിക്കുകയാണ്.