തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഏഴുസീറ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണെന്നാണ് പ്രാഥമിക വിവരം. ഡിണ്ടിഗലിലെ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച മറ്റൊരാള്‍ കാറിന്റെ ഡ്രൈവറാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഏഴുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സേലം സ്വദേശി വിശ്വ (20), ഡിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് മൂന്നുപേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
ഗുരുവായൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ചരക്കുലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡരികില്‍ മൂന്ന് ലോറികള്‍ നിര്‍ത്തിയിട്ടിരുന്നതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് ലോറികളില്‍ ഉറങ്ങുകയായിരുന്നവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രികളിലേക്കും പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കും മാറ്റി.
കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന ഈ മേഖലയില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും അഭാവം സംബന്ധിച്ചും പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.