Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിറയിന്‍കീഴ് കയ്യാങ്കളി പാര്‍ട്ടിക്ക് നാണക്കേട്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സണ്ണി ജോസഫ്
reporter

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. പരസ്യമായ അച്ചടക്കലംഘനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും മൊഴിയെടുത്ത ശേഷമാകും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ, സംഘര്‍ഷസമയത്ത് തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെ വാദം ചോദ്യം ചെയ്യുന്ന വിവരങ്ങളും പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക സ്റ്റാഫ് പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ലെന്നാണ് വിവരം. ഒരു എംഎല്‍എയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന മൂന്ന് ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളില്‍ മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച വിമല്‍, ഡ്രൈവര്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരാണ് നിലവില്‍ രമ്യ ഹരിദാസിന്റെ പട്ടികയിലുള്ളത്. ആലത്തൂര്‍ എംപിയായിരുന്ന കാലത്ത് പാളയം പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നെങ്കിലും എംഎല്‍എയായ ശേഷം ഔദ്യോഗിക നിയമനം നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഔദ്യോഗിക പദവിയില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തതിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കമായത്. ഇതുമായി ബന്ധപ്പെട്ട വിവാദം പിന്നീട് സമൂഹമാധ്യമങ്ങളിലേക്കും വാക്കേറ്റത്തിലേക്കും നീങ്ങി. തുടര്‍ന്ന് രമ്യ ഹരിദാസും പ്രദീപും ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാത്രിയില്‍ പ്രവര്‍ത്തകന്റെ വീട്ടിലെത്തി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടത് രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ പാര്‍ട്ടി അന്തിമ നിലപാട് സ്വീകരിക്കൂ. വിഷയം കൂടുതല്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങാതിരിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളും സജീവമാണ്. എംഎല്‍എ ഉള്‍പ്പെട്ട സംഭവമായതിനാല്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നതായാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗത്തിനെതിരെയും പാര്‍ട്ടിതല നടപടി ഉണ്ടായേക്കും. രമ്യ ഹരിദാസിനെ ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് സൂചന. ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി സ്വീകരിക്കുന്ന അച്ചടക്ക നടപടി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

 
Other News in this category

 
 




 
Close Window