കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസംഗത്തിനെതിരായ സതീശന്റെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് സതീശനെ കടന്നാക്രമിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലേഖനത്തില്‍ അനുകൂലമായി പരാമര്‍ശിക്കുന്നുമുണ്ട്. സ്ത്രീകളെക്കുറിച്ച് കാന്തപുരം നടത്തിയ പരാമര്‍ശം വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം വേദിയിലാണെന്നും അവിടെ അത്തരമൊരു നിലപാട് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കാന്തപുരത്തിന്റെ പ്രസംഗത്തെ വിമര്‍ശിച്ച സതീശന്റെ പ്രതികരണം ഇസ്ലാമിലെ സ്ത്രീസങ്കല്‍പ്പം മനസ്സിലാക്കാതെയുള്ളതാണെന്നാണ് 'സുപ്രഭാതം' ആരോപിക്കുന്നത്.
മുസ്ലിം സമൂഹത്തിനുള്ളിലെ ചിലര്‍ നല്‍കിയ ഏകപക്ഷീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സതീശന്‍ പ്രതികരിച്ചതെന്നും ലേഖനം വിമര്‍ശിക്കുന്നു. വിഷയത്തിന്റെ പശ്ചാത്തലം പൂര്‍ണമായി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിച്ചയാളാണ് സതീശനെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിലും അതിന് ശേഷമുള്ള മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സതീശന് മുസ്ലിം സമൂഹത്തിന്റെ പിന്തുണ ലഭിച്ചെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയിരുന്നുവെന്നും ലേഖനം പറയുന്നു. ഈ പശ്ചാത്തലത്തില്‍ നിലവിലെ നിലപാട് രാഷ്ട്രീയമായ അകലം സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്ന സംശയവും മുഖപ്രസംഗം ഉന്നയിക്കുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ച സതീശന്‍ ഇപ്പോള്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിലെ വൈരുധ്യവും 'സുപ്രഭാതം' ചൂണ്ടിക്കാട്ടുന്നു. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും പി.എം. ശ്രീ പദ്ധതിയിലും സതീശന്‍ സ്വീകരിച്ച നിലപാടുകളും എഡിറ്റോറിയല്‍ വിമര്‍ശനവിധേയമാക്കുന്നു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട മുന്‍കാല രാഷ്ട്രീയ ചര്‍ച്ചകളെയും ലേഖനം പരാമര്‍ശിക്കുന്നു. കെ.സി. വേണുഗോപാലിന്റെ പേര് ഉയര്‍ന്നുവന്നില്ലായിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയോ വി.ഡി. സതീശനോ എന്നതായിരിക്കുമായിരുന്നു കോണ്‍ഗ്രസിലെ പ്രധാന ചോദ്യം എന്നും, സമവായ സമീപനം പുലര്‍ത്തുന്ന ചെന്നിത്തലയ്ക്ക് സാധ്യത കൂടുതലായിരുന്നേനെയെന്നും മുഖപ്രസംഗം വിലയിരുത്തുന്നു. കാന്തപുരത്തിന്റെ പ്രസംഗത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദം ഇതോടെ കോണ്‍ഗ്രസും സമസ്തയും തമ്മിലുള്ള പുതിയ വാക്പോരിലേക്കാണ് നീങ്ങുന്നത്.