Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍; സംശയത്തിന്റെ പേരില്‍ കൊലപാതകമെന്ന് പൊലീസ്
reporter

അഗളി: അട്ടപ്പാടിയില്‍ ചാക്കിനുള്ളില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ തോട്ടം തൊഴിലാളിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മരിച്ച യുവതിയുമായി ഇയാള്‍ ഒന്നിച്ച് താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബം ഏകദേശം 20 ദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു തോട്ടത്തില്‍ ജോലിക്കായി എത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നതായി സമീപവാസികളില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ പ്രദേശത്തുനിന്ന് കാണാതായതോടെയാണ് സംശയം ശക്തമായത്.

മൃതശരീരങ്ങള്‍ പൊതിഞ്ഞ് പുഴയില്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ചാക്കുകളാണ് അന്വേഷണത്തില്‍ നിര്‍ണായക തുമ്പായതെന്നാണ് വിവരം. കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമാകുന്ന പ്രത്യേക ബ്രാന്‍ഡ് ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ പൊതിഞ്ഞിരുന്നത്. ചാക്കുകള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കോട്ടത്തറയിലെ ഒരു പലചരക്ക് കടയില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളി ഇത്തരം ചാക്കുകള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. കടയില്‍നിന്നുള്ള വിവരങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ചതോടെയാണ് പ്രദേശത്തെ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.

പ്രാഥമിക പരിശോധനയില്‍ ഇരുവരുടെയും കഴുത്തില്‍ മാരകമായ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് ചാക്കുകളിലാക്കി പുഴയില്‍ ഉപേക്ഷിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുതൂര്‍ ചീരക്കടവില്‍ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കുകെട്ടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകുന്നതോടെ മരണകാരണം, കൊലപാതകം നടന്ന സമയം എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സംശയത്തിലുള്ളയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window