Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
Teens Corner
  Add your Comment comment
2026 സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Text By: UK Malayalam Pathram
യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ 2026 സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയില്‍ ക്നാനായക്കാരുടെ നേതൃത്വത്തില്‍ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും, കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്.


''കരുണതന്‍ കരുതലായി വാഴ്വ്'' എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി, അര്‍ഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനും രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നല്‍കുന്നത്. പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകള്‍ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്.


യു.കെ.യിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ്സ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസപാരമ്പര്യപൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങള്‍ പുരോഗമിച്ചത്.


യുകെയിലെ നിരവധി മഹാസംഗമങ്ങള്‍ക്ക് വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്തവണ വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. യു.കെ.യുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത. ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്.


വാഴ്വ് 2026-ന്റെ ജനറല്‍ കണ്‍വീനറായി സാജന്‍ ഈഴാറത്ത്, കണ്‍വീനര്‍മാരായി ഫാ. ജോസ് തേകനില്‍ക്കുന്നതില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവരും ജോയിന്റ് കണ്‍വീനറായി ജില്‍സ് നന്ദികാട്ടും നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ മികച്ച സംഘാടക മികവോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതോടൊപ്പം, മധ്യസ്ഥപ്രാര്‍ത്ഥന (Intercession & Prayer) കമ്മിറ്റി ആറുമാസങ്ങള്‍ക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. യുവജനങ്ങള്‍ക്കായി ''യുവ വാഴ്വ്'' എന്ന പേരില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്.


യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജന്‍ ഓഫ് മേരി അംഗങ്ങളുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എന്‍ട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് 15 മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും എന്‍ട്രി പാസ് വിതരണോദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചു.


വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാര്‍ച്ച് 13-ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പകര്‍ന്നുനല്‍കിയ സ്നേഹദീപം 15 ക്നാനായ മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേര്‍ന്നിരുന്നു. പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈ വര്‍ഷത്തെ വാഴ്വിനായി യു.കെ.യിലെ ക്നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബര്‍ 26-നായി കാത്തിരിക്കുന്നത്.


യു.കെ.യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍, ഏറ്റവും കുറഞ്ഞ നിരക്കില്‍ എന്‍ട്രി പാസുകള്‍ ലഭ്യമാക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും, അതോടൊപ്പം നാട്ടില്‍ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള കാരുണ്യപ്രവര്‍ത്തനവും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ മികവിന് തെളിവാണ്.


പരിപാടിയുടെ വിജയത്തിനായി റിസപ്ഷന്‍, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.


ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകള്‍, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026-നെ യു.കെ.യിലെ ക്നാനായ സമൂഹം ഇതിനോടകം ഹൃദയപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു.


യു.കെ.യിലെ ക്നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാല്‍ സമ്പന്നമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ഈ വര്‍ഷത്തെ വാഴ്വില്‍ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതല്‍ ആത്മീയ പ്രൗഢി പകരും.


ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, കോട്ടയം അതിരൂപത KCYL പ്രസിഡന്റ് ജാക്സണ്‍ മണപ്പാട്ട് എന്നിവരോടൊപ്പം യു.കെ.യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തിച്ചേരും. യു.കെ.യിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ് സെപ്റ്റംബര്‍ 26. വാഴ്വ് എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം, പരിശുദ്ധ കുര്‍ബാനയുടെ ആരാധനയോടും ആശീര്‍വാദത്തോടും കൂടി രാവിലെ 9.30-ന് പരിപാടികള്‍ ആരംഭിക്കും.


രാവിലെ 10ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍, യു.കെ.യിലെ ക്നാനായ വൈദികരുടെ സഹകാര്‍മികത്വത്തോടെ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഉച്ചഭക്ഷണത്തിനുശേഷം പൊതുസമ്മേളനവും തുടര്‍ന്ന് യു.കെ.യിലെ വിവിധ മിഷനുകളില്‍നിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയില്‍ അരങ്ങേറും. രാത്രി എട്ടു മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.


വിശ്വാസത്തിന്റെ ആഘോഷമായും, ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണര്‍ത്തുപാട്ടായും, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്വ് 2026-നായി യു.കെ.യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബര്‍ 26-നെ വരവേല്‍ക്കുന്നത്.
 
Other News in this category

 
 




 
Close Window