|
ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് 2027 ല്‍ യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി പരാമര്‍ശിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് സെയിന്റ് ആന്‍ഡ്രൂസിനെ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (എല്‍ എസ് ഇ) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉയര്‍ന്ന പ്രവേശന നിലവാരം ഉള്‍പ്പടെ എല്ലാ തലങ്ങളിലും പുലര്‍ത്തുന്ന മികവാണ് സെയിന്റ് ആന്‍ഡ്രൂസിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ സ്‌കോട്ടിഷ് യൂണിവേഴ്സിറ്റിക്ക് തികച്ചും വ്യത്യസ്തമായ ഒരു അണ്ടര്‍ഗ്രാഡ്വേറ്റ് അനുഭവമുണ്ടെന്നും അത് വിദ്യാര്‍ത്ഥികളുടെ സംതൃപ്തി ഏറെ വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഗൈഡ് 2027 തയ്യാറാക്കിയ സോയ് തോമസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇംപീരിയല്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതാദ്യമായാണ് ഇംപീരിയല്‍ കോളേജ് ഓക്സ്ഫോര്‍ഡിനെയും കേംബ്രിഡ്ജിനെയും മറികടക്കുന്നത്. 2027 ലെ യൂണിവേഴ്സിറ്റി ഓഫ് ദി ഇയറായും ഇംപീരിയല്‍ കോളേജ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്ത്സ്, മെഡിസിന്‍ എന്നീ മേഖലകളിലാണ് ഇംപീരിയല്‍ കോളേജ് മികവ് പുലര്‍ത്തുന്നത്. ഗവേഷണ മികവ്, ഗ്രാഡ്വേറ്റ് ചെയ്തവര്‍ക്കുള്ള ഭാവി സാധ്യതകള്‍, എന്നീ മാനദണ്ഡങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഇവര്‍ ഒന്നാം സ്ഥാനത്താണുള്ളത്. |