Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Sep 2026
 
 
UK Special
  Add your Comment comment
ഫോര്‍ട്ട് കൊച്ചി-മഹാരാജാസ് കോളജ് റോപ് വേ; കൊച്ചിക്ക് പുതിയ ഗതാഗത നിര്‍ദേശവുമായി ഇ. ശ്രീധരന്‍
reporter

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ബദലായി ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് വഴി മഹാരാജാസ് കോളജിലേക്ക് 'അര്‍ബന്‍ റോപ് വേ' സ്ഥാപിക്കണമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. കൊച്ചിയുടെ ഭാവി പൊതുഗതാഗത സംവിധാനങ്ങള്‍ സംബന്ധിച്ച് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവച്ചത്. മണിക്കൂറില്‍ 5,000 മുതല്‍ 6,000 വരെ യാത്രക്കാരെ കൊണ്ടുപോകാന്‍ ശേഷിയുള്ള റോപ് വേ സംവിധാനം കൊച്ചിക്ക് അനുയോജ്യമാകുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. മെട്രോ റെയില്‍ നിര്‍മിക്കാന്‍ ആവശ്യമായ റോഡ് വീതി നഗരത്തിലെ പല ഭാഗങ്ങളിലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ റോപ് വേ പ്രായോഗികമായ പരിഹാരമാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മെട്രോ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രം ഉപയോഗിച്ച് അര്‍ബന്‍ റോപ് വേ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ബൊളീവിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെയും അടുത്തിടെ പൂര്‍ത്തിയായ വാരണാസിയിലെയും റോപ് വേ സംവിധാനങ്ങള്‍ വിജയകരമായ മാതൃകകളാണെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ മൂന്നാമത്തെ മെട്രോ ലൈന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് വാരണാസിയിലെ റോപ് വേ സംവിധാനം നേരിട്ട് പഠിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി കെഎംആര്‍എല്ലിന്റെ സാങ്കേതിക വിഭാഗം ഡയറക്ടറെ വാരണാസിയിലേക്ക് അയയ്ക്കണമെന്നും ബൊളീവിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെ സമാന സംവിധാനങ്ങളും പഠിക്കണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു. അതേസമയം, നെടുമ്പാശ്ശേരി വഴി ആലുവ-അങ്കമാലി മെട്രോ പാത നീട്ടാനുള്ള നിര്‍ദേശത്തോട് ശ്രീധരന്‍ വിയോജിപ്പ് രേഖപ്പെടുത്തി. വിമാനത്താവളത്തിലേക്ക് മറ്റ് റെയില്‍ കണക്റ്റിവിറ്റി പദ്ധതികള്‍ കൂടി പരിഗണനയിലുള്ളതിനാല്‍ മെട്രോ നീട്ടലിന് ആവശ്യമായ യാത്രക്കാരെ ലഭിക്കണമെന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദക്ഷിണ റെയില്‍വേയുടെ പുതിയ സ്റ്റേഷന്‍ പദ്ധതിയും തൃപ്പൂണിത്തുറ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പാതയും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു. നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയിലൂടെ വിമാനത്താവളത്തിലേക്ക് ഏകദേശം 10 മിനിറ്റിനുള്ളില്‍ എത്താനാകുമെന്നും യാത്രാക്കൂലി 100 രൂപയ്ക്കടുത്തായിരിക്കുമെന്നുമാണ് നിര്‍ദേശം.

ഈ രണ്ട് സംവിധാനങ്ങളും നിലവില്‍ വന്നാല്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും വിമാനത്താവളത്തിലേക്കും മെട്രോ നീട്ടുന്നതിന് മതിയായ യാത്രക്കാരെ കണ്ടെത്തുക പ്രയാസകരമാകുമെന്നാണ് ശ്രീധരന്റെ വാദം. വിമാനത്താവള മെട്രോ കണക്റ്റിവിറ്റിയുടെ സാമ്പത്തിക ലാഭക്ഷമതയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഡിഎംആര്‍സിയിലെ പ്രവര്‍ത്തന അനുഭവം ചൂണ്ടിക്കാട്ടിയ ശ്രീധരന്‍, വിമാനത്താവളത്തെ ബന്ധിപ്പിച്ച മെട്രോ പാതയില്‍ പ്രതിദിനം 60,000ത്തിലധികം യാത്രക്കാരുണ്ടായിരുന്നിട്ടും പ്രവര്‍ത്തന ലാഭം നേടാനായിരുന്നില്ലെന്ന് പറഞ്ഞു. സിവില്‍, ട്രാക്ക് ജോലികളുടെ ചെലവ് ഡിഎംആര്‍സി വഹിച്ച സാഹചര്യത്തിലും ട്രെയിനുകള്‍, സിഗ്‌നലിങ്-ടെലികോം, ഓവര്‍ഹെഡ് ഇലക്ട്രിഫിക്കേഷന്‍ എന്നിവയുടെ ചെലവ് മാത്രമാണ് ഓപ്പറേറ്റര്‍ വഹിച്ചതെന്നും എന്നിട്ടും പ്രവര്‍ത്തന ലാഭം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ വിമാനത്താവളത്തിലേക്ക് മെട്രോ നീട്ടുന്നത് കെഎംആര്‍എല്ലിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കാമെന്നാണ് ശ്രീധരന്റെ നിലപാട്. പകരം കൊച്ചിയുടെ മൂന്നാമത്തെ മെട്രോ ഇടനാഴിയായി ദേശീയപാത ബൈപാസ് വഴി അരൂരില്‍ നിന്ന് ഇടപ്പള്ളി കടന്ന് വരാപ്പുഴയിലേക്ക് ഉയരപാതയിലുള്ള മെട്രോ ലൈന്‍ പരിഗണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിക്കും ഇ. ശ്രീധരന്‍ കൈമാറിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window