|
യുകെയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം 2027 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരോധനം പുറപ്പെടുവിച്ച കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത വസന്തകാലത്തോടെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്പോര്‍ട്ടിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ജൂണില്‍, പ്രധാനമന്ത്രിയായിരുന്ന സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു 16 വയസ്സില്‍ തഴെയുള്ള കുട്ടികള്‍ക്ക് പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ടിക്ടോക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിരോധനമുണ്ടാകും. കുട്ടികളുടെ നന്മയെ കരുതി ഇത്തരത്തിലൊരു നിരോധനം അത്യന്താപേക്ഷിതമാണെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്റ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരു കണ്‍സള്‍ട്ടേഷനും നടക്കുകയുണ്ടായി. തുടര്‍ന്ന് സ്റ്റാര്‍മര്‍ രാജിവെച്ച് ഒഴിയുകയും ആന്‍ഡി ബേണം പ്രധാനമന്ത്രിയാവുകയും ചെയ്തെങ്കിലും സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. |