|
ജര്മ്മന് നഗരമായ ബോച്ചമിലെ ഒരു പാര്പ്പിട കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് മൂന്ന് ഇന്ത്യക്കാര് മരിക്കുകയും അഞ്ച് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. തീപിടിത്തത്തില് രണ്ടു മലയാളികള് അടക്കം മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25),പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകള് അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് കൊല്ലപ്പെട്ട മലയാളികള്. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഒരു അപ്പാര്ട്ട്മെന്റില് നിന്ന് അഗ്നിശമന സേനാംഗങ്ങള് മരിച്ച നിലയില് കണ്ടെത്തിയവരില് 25-ഉം 27-ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവും ഉള്പ്പെടുന്നു.
പരിക്കേറ്റ മറ്റ് അഞ്ച് പേര്ക്ക് പുക ശ്വസിച്ചതിനെത്തുടര്ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള് അനുഭവപ്പെടുകയും അവരെ ബോച്ചമിലെ ആശുപത്രികളില് പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്, ഇവരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള് മാധ്യമ റിപ്പോര്ട്ടുകളില് വ്യക്തമാക്കിയിട്ടില്ല. |