|
ബെനഫിറ്റ് തട്ടിപ്പുകള് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന് സര്ക്കാരിന് നേരിട്ട് ബാങ്കുകളില് നിന്നും വിവരങ്ങള് ശേഖരിക്കാന് അധികാരം നല്കുന്ന പുതിയ നിയമം ഡിപ്പാര്ട്ട്മെന്റ് ഓഫ് വര്ക്ക് ആന്ഡ് പെന്ഷന്സ് പ്രാബല്യത്തില് കൊണ്ടുവന്നു. സര്ക്കാര് നല്കുന്ന ആനുകൂല്യങ്ങള്, യഥാര്ത്ഥത്തില് അര്ഹരായവര് തന്നെയാണോ കൈപ്പറ്റുന്നത് എന്ന് അറിയുന്നതിനാണ് ഈ നീക്കം. പുതിയ എലിജിബിലിറ്റി വെരിഫിക്കേഷന് മെത്തേഡ് (ഇ വി എം) അനുസരിച്ച് വര്ക്ക് ആന്ഡ് പെന്ഷന്സ് ഡിപ്പാര്ട്ട്മെന്റ് ആവശ്യപ്പെടുകയാണെങ്കില്, അക്കൗണ്ടുകളുടെ പൂര്ണ്ണ വിവരങ്ങള് നല്കാന് ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ബാധ്യസ്ഥരായിരിക്കും.
യൂണിവേഴ്സല് ക്രെഡിറ്റ്, പെന്ഷന് ക്രെഡിറ്റ് അല്ലെങ്കില് പുതിയ രീതിയിലുള്ള എംപ്ലോയ്മെന്റ് ആന്ഡ് സപ്പോര്ട്ട് അലവന്സ് എന്നിവ ലഭിക്കുന്നവരെയായിരിക്കും ഈ നിയമം ബാധിക്കുക. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ തന്നെ സര്ക്കാര് ഏജന്സികള്ക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള് ശേഖരിക്കാന് കഴിയും. അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്, അക്കൗണ്ടില് മിച്ചമുള്ള തുക എന്നീ വിവരങ്ങള്ക്കൊപ്പം, വിദേശരാജ്യങ്ങളില് ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള് നടന്നിട്ടുണ്ടെങ്കില് അതിന്റെ തീയതി ഉള്പ്പടേയുള്ള വിവരങ്ങളും സര്ക്കാരിന് ശേഖരിക്കാന് കഴിയും. |