തിരുവനന്തപുരം: സിഎംആര്എല്ലുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷണത്തില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര് സമന്സ് പതിച്ചു. ഒക്ടോബര് 23 വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്ദേശം. ഉദ്യോഗസ്ഥര് എത്തിയപ്പോള് പിണറായി വിജയന് വീട്ടിലുണ്ടായിരുന്നില്ല.
സിഎംആര്എലുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത പുതിയ ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കേസില് പിണറായി വിജയന് സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് സമന്സ് നല്കിയത്. ഡല്ഹിയില്നിന്നുള്ള ഉന്നത ഇഡി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തുമെന്നാണ് വിവരം.
സ്വത്തുവിവരങ്ങള്, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്, കഴിഞ്ഞ പത്തുവര്ഷത്തെ ആദായനികുതി റിട്ടേണുകള് എന്നിവ ഹാജരാക്കാനും നോട്ടീസില് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് സ്വത്തുണ്ടെങ്കില് അതിന്റെ വിശദാംശങ്ങള്, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങള്, സിഎംആര്എല്ലുമായി ഇടപാടുകളുണ്ടെങ്കില് ബന്ധപ്പെട്ട രേഖകള്, പാസ്പോര്ട്ട് എന്നിവയും സമര്പ്പിക്കണമെന്നാണ് നിര്ദേശം.
അതേസമയം, നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനാണ് പിണറായി വിജയന്റെ നീക്കമെന്നാണ് റിപ്പോര്ട്ട്. സുപ്രീംകോടതിയിലെ നടപടികളും ഇഡിയെ അറിയിച്ചേക്കും. ഹാജരാകുന്നതുസംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമായിട്ടില്ല. വീട്ടില് സമന്സ് പതിച്ച നടപടിയെ മുന്മന്ത്രി വി. ശിവന്കുട്ടി വിമര്ശിച്ചു. നടപടി അന്യായവും പ്രതിഷേധാര്ഹവുമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.