തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാപരമായ പ്രശ്‌നങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പ്രതികരിക്കേണ്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിവിഷയങ്ങളില്‍ താന്‍ ഇത്തരത്തില്‍ മറുപടി പറയുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെയെന്നല്ല, ആരെതിരെയായാലും സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് സതീശന്‍ പറഞ്ഞു. താനും നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഒരു കേന്ദ്രത്തില്‍നിന്നാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും അത് ഏതാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില ചാനലുകള്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പേരില്‍ വ്യാജ വാര്‍ത്താകാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും സതീശന്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ നിര്‍ത്തുന്നുവെന്ന പ്രചാരണവും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്റെ പേരിലുള്ള പരാമര്‍ശവും ഉള്‍പ്പെടെയുള്ളവ ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ കാര്‍ഡുകള്‍ക്കെതിരെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍തന്നെ ആദ്യം പരാതി നല്‍കണം. സമൂഹമാധ്യമങ്ങളിലെ എല്ലാ പ്രചാരണങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.