മൂന്നാര്‍: ശൈത്യകാലത്തിന്റെ വരവറിയിച്ച് മൂന്നാറില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ചെണ്ടുവരയിലാണ് വെള്ളിയാഴ്ച രാവിലെ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, ദേവികുളം, സെവന്‍മല എന്നിവിടങ്ങളില്‍ ഏഴ് ഡിഗ്രിയും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ ആറ് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു രാവിലെ രേഖപ്പെടുത്തിയ താപനില. ഒരാഴ്ച മുമ്പ് മൂന്നാറിലെ കുറഞ്ഞ താപനില ആറ് ഡിഗ്രിയിലെത്തിയിരുന്നു.
താപനില താഴ്ന്നതോടെ രാത്രിയിലും പുലര്‍ച്ചെയും മേഖലയില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും പല പ്രദേശങ്ങളിലും കോടമഞ്ഞും ശക്തമാണ്. രാത്രിയില്‍ തണുപ്പ് കനക്കുമ്പോഴും പകല്‍ താപനില 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ തുടരുകയാണ്. പകലും രാത്രിയും തമ്മിലുള്ള താപനിലയിലെ വലിയ വ്യത്യാസമാണ് നിലവില്‍ മൂന്നാറില്‍ അനുഭവപ്പെടുന്നത്.