പത്തനംതിട്ട: പമ്പയില്‍ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. പരിശോധനയില്‍ പ്രധാന വാല്‍വുകള്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തി. പൊലീസ് മെസ്സിലേക്കുള്ള ജലവിതരണത്തെയും തടസ്സം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ സംഘടിതമായ അട്ടിമറിയുണ്ടാകാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ സംശയം.
ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്ന രീതി ഒഴിവാക്കി ഇത്തവണ മുതല്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സംവിധാനം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തോടുള്ള വിരോധമാണോ ജലവിതരണം തടസ്സപ്പെടുത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും കാരണം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജലവിതരണ വാല്‍വുകള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
നേരത്തേ ചിത്തിര ആട്ടവിശേഷ സമയത്തും സമാനമായ രീതിയില്‍ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടിരുന്നു. അന്ന് ഒരു ദേവസ്വം ജീവനക്കാരനെ സ്വാധീനിച്ച് ചിലര്‍ വെള്ളം തടഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് ജീവനക്കാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു