ഭുവനേശ്വര്‍: അക്വാന്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് ഒഡീഷയില്‍ മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നവംബര്‍ 20ന് ആന്ധ്രപ്രദേശ്-ഒഡീഷ തീരമേഖലയില്‍ ചുഴലിക്കാറ്റ് കരതൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുന്‍കരുതലായി 69 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് 2,98,676 പേരെ ഒഴിപ്പിച്ച് 2,523 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പി. പാട്ടീല്‍ അറിയിച്ചു. വിവിധ ജില്ലകളിലായി 9,341 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 423 സംഘങ്ങളെയും വിന്യസിച്ചു.
ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നതോടെ ശക്തി കുറഞ്ഞതായാണ് വെള്ളിയാഴ്ച രാവിലത്തെ റിപ്പോര്‍ട്ട്. ഗോപാല്‍പുരിന് സമീപം തീരം കടക്കുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 70-80 കിലോമീറ്ററും ഇടയ്ക്കുള്ള ശക്തമായ കാറ്റ് 90 കിലോമീറ്ററും വരെയാകാമെന്നാണ് പുതുക്കിയ മുന്നറിയിപ്പ്.
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒഡീഷയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നവംബര്‍ 21 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഝാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലെ കാക്കിനാഡയില്‍നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡീഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തില്‍ അഭയം തേടി.