തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും പരസ്പരം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. കെ.എന്‍. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് കമ്മീഷന്‍ അംഗങ്ങള്‍. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട പരാതിയും പി. ജയരാജനെതിരെ ഇ.പി. നല്‍കിയ പരാതിയും കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ ഇ.പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ക്വട്ടേഷന്‍ സംഘങ്ങളുമായി പി. ജയരാജന് ബന്ധമുണ്ടെന്നാണ് പരാതിയിലെ ആരോപണം. സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളും പരിശോധിക്കണമെന്ന് ഇ.പി. ആവശ്യപ്പെട്ടതായാണ് വിവരം.
പാര്‍ട്ടി നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ പി. ജയരാജന്റെ പിന്തുണയോടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ ഉള്‍പ്പെടെയാണ് കമ്മീഷന്റെ അന്വേഷണപരിധിയില്‍ വരുന്നത്. അതേസമയം, വൈദേകം റിസോര്‍ട്ടിലെ നിക്ഷേപവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ നേരത്തെ ഉന്നയിച്ച പരാതിയും ഇതേ കമ്മീഷന്‍ അന്വേഷിക്കും. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തന്റെ പൊതുജീവിതം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന നിലപാടാണ് ഇ.പി. സ്വീകരിച്ചിരുന്നത്. ആരോപണങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു