കൊച്ചി: ഡിജെ പാര്‍ട്ടികളെയും രാത്രികാല വിനോദങ്ങളെയും ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി പൊതുവായി വിലക്കാനാവില്ലെന്ന് ഹൈക്കോടതി. സംഗീതം ആസ്വദിക്കുന്നതും നൃത്തം ചെയ്യുന്നതും ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് എങ്ങനെ കരുതാനാകുമെന്ന് കോടതി ചോദിച്ചു. ഡിജെ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നിയമാടിസ്ഥാനം വ്യക്തമാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അനുവദിച്ച സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലുകളിലെ ഡിജെ പരിപാടികള്‍ക്ക് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരായ സിംഗിള്‍ ബെഞ്ച് വിധി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ രാത്രികാല പരിപാടികള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് കേസിന് ആധാരം. പുലര്‍ച്ചെ മൂന്നുവരെ ബാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എക്‌സൈസ് അനുമതിയുണ്ടായിട്ടും പൊലീസ് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ നടന്നേക്കാമെന്ന സംശയം മാത്രം ചൂണ്ടിക്കാട്ടി അനുവദിക്കപ്പെട്ട പ്രവര്‍ത്തനസമയം വെട്ടിക്കുറയ്ക്കാനാവില്ലെന്നായിരുന്നു നവംബര്‍ പത്തിലെ സിംഗിള്‍ ബെഞ്ച് വിധി.
ഡിജെ എന്നത് ഒരു തൊഴിലാണെന്നും അതിനെ അതേ നിലയില്‍ കാണണമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ആളുകള്‍ നൃത്തം ചെയ്യുന്നതുകൊണ്ടുമാത്രം അവിടെ ലഹരി ഉപയോഗമുണ്ടെന്ന് അനുമാനിക്കരുത്. നിയമലംഘനം എവിടെയുണ്ടായാലും നടപടിയെടുക്കണമെന്നും മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിപാടികളെ ലക്ഷ്യമിടരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ലഹരി ഉപയോഗവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനുള്ള പൊലീസിന്റെ അധികാരത്തിന് കോടതി ഉത്തരവ് തടസ്സമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നിയമം അനുവദിക്കുന്ന പ്രതിരോധനടപടികളും നിരീക്ഷണവും തുടരാം. ഡിജെ പാര്‍ട്ടികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.