Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 20th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഇഷ്ടനിറം; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു
reporter

കൊച്ചി: കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനം അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി അംഗീകാരം നല്‍കി. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകള്‍ക്ക് ഉടമകള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാനാകും.

ഏകീകൃത നിറം നിര്‍ബന്ധമാക്കിയത് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. സമാന നിയന്ത്രണമില്ലാത്ത അന്യസംസ്ഥാന ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകളുമായി മത്സരിക്കാന്‍ കഴിയുന്നില്ലെന്നും കേരളത്തിലെ ബസുകള്‍ക്ക് ഓട്ടം കുറയുന്നത് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നുമായിരുന്നു പരാതി. ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് നിയന്ത്രണം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

നിറം മാറ്റാന്‍ അനുമതി ലഭിച്ചെങ്കിലും മറ്റ് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങള്‍, ഗ്രാഫിക്സുകള്‍, എഴുത്തുകള്‍, പരസ്യങ്ങള്‍ എന്നിവ ബസിന്റെ ബോഡിയില്‍ പതിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.

2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണം. നിറത്തിലെ ഇളവ് വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കും വെളിച്ചസംവിധാനങ്ങള്‍ക്കും അനുമതിയാകില്ല.

 
Other News in this category

 
 




 
Close Window