Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പുല്ലൂര്‍ പെരിയയില്‍ ജലനിധി നിലച്ചു; ഒരാഴ്ചയായി കുടിവെള്ളമില്ലാതെ 800ഓളം കുടുംബങ്ങള്‍
reporter

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെ 800ഓളം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തില്‍. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്ന 40 എച്ച്പി മോട്ടോര്‍ കത്തിനശിച്ചതിനെത്തുടര്‍ന്നാണ് വിതരണം തടസ്സപ്പെട്ടത്. ഒരാഴ്ച പിന്നിട്ടിട്ടും ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. ഉയര്‍ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെയും പ്രതിസന്ധി സാരമായി ബാധിച്ചു. അമിതഭാരവും വോള്‍ട്ടേജ് വ്യതിയാനവുമാണ് മോട്ടോര്‍ തകരാറിലാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്തിന്റെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഗുണഭോക്തൃ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകള്‍ പരിഹരിക്കാനാകാത്തത് തുടര്‍പ്രവര്‍ത്തനത്തിനും വെല്ലുവിളിയാണ്.

ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതിക്കായി തണിയാടിയില്‍ തടയണയും പുഴയ്ക്കുള്ളില്‍ വെള്ളം ശേഖരിക്കുന്ന സക്ഷന്‍ കിണറും നിര്‍മിച്ചിരുന്നു. ഇവിടെനിന്ന് കുന്നിന്‍മുകളിലെ ശുദ്ധീകരണശാലയിലെത്തിക്കുന്ന വെള്ളം വിവിധ പ്രദേശങ്ങളിലെ ടാങ്കുകള്‍ വഴിയാണ് വിതരണം ചെയ്തിരുന്നത്. 2019ലെ പ്രളയത്തില്‍ സക്ഷന്‍ കിണര്‍ തകരുകയും അന്നത്തെ മോട്ടോര്‍ മണ്ണിനടിയിലാകുകയും ചെയ്തു. പിന്നീട് പുതിയ മോട്ടോര്‍ സ്ഥാപിച്ചെങ്കിലും ഭാഗികമായി മൂടിക്കിടക്കുന്ന കിണര്‍ ഉപയോഗിച്ചായിരുന്നു പമ്പിങ് തുടര്‍ന്നത്. കിണര്‍ പൂര്‍ണമായി പുനര്‍നിര്‍മിക്കാനുള്ള സാമ്പത്തികശേഷി സമിതിക്കില്ലെന്ന് പ്രസിഡന്റ് ജോസഫ് ചാക്കോ വ്യക്തമാക്കി. 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ പരിപാലനത്തില്‍ അധികൃതര്‍ മതിയായ ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ ഉയര്‍ത്തുന്നു

 
Other News in this category

 
 




 
Close Window