|
അമേരിക്കയിലെ ടെക്‌സസിലുള്ള 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെ റിപ്പബ്ലിക്കന്‍ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്റെ പരാമര്‍ശം. ക്രിസ്ത്യന്‍ രാജ്യമായ അമേരിക്കയില്‍ വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് എന്തിനാണെന്ന് ഡങ്കന്‍ ചോദിച്ചു. ഇതിനെ തുടര്‍ന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന അലക്‌സാണ്ടര്‍ ഡങ്കനെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഔദ്യോഗികമായി പരാതി നല്‍കി.
ടെക്‌സാസിലെ ഷുഗര്‍ ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് 90 അടിയുള്ള ഹനുമാന്‍ പ്രതിമ. 2024 ഓഗസ്റ്റ് 18നാണ് കരുത്തിന്റെയും ഭക്തിയുടേയും സേവനത്തിന്റെയും പ്രതീകരമായി 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പേരിലാണ് ഈ പ്രതിമ അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലെ മറ്റൊരു കുറിപ്പില്‍ ബൈബിളിലെ വാക്കുകളാണ് അലക്‌സാണ്ടര്‍ ഡങ്കന്‍ ഉപയോഗിച്ചിട്ടുള്ളത്. നിനക്ക് ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്. സ്വര്‍ഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ രൂപമോ നിങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കരുത് എന്നും മറ്റൊരു കുറിപ്പില്‍ അലക്‌സാണ്ടര്‍ ഡങ്കന്‍ പരാമര്‍ശിച്ചിട്ടുണ്ട്. വൈറലായതിന് പിന്നാലെ തന്നെ അലക്‌സാണ്ടര്‍ ഡങ്കന്റെ പരാമര്‍ശങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. |