റായ്പൂര്‍: മുസ്ലിം വ്യക്തി ഇതര മതസ്ഥനുമായി നിക്കാഹ് നടത്തുന്നതിന് മുന്‍കൂട്ടി അനുമതി തേടണമെന്ന നിര്‍ദേശവുമായി ഛത്തീസ്ഗഢ് സംസ്ഥാന വഖഫ് ബോര്‍ഡ്. സംസ്ഥാനത്ത് നിക്കാഹ് നടത്തിക്കൊടുക്കുന്ന ഖാസിമാരെയും മൗലാനമാരെയും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിക്കുന്ന പുതിയ ചട്ടക്കൂടാണ് പരിഗണനയില്‍. നീക്കം പുറത്തുവന്നതോടെ മുസ്ലിം സമുദായത്തിനകത്തുനിന്നുതന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നിര്‍ദേശപ്രകാരം, വിവാഹത്തിലെ ഒരാള്‍ മുസ്ലിമല്ലെങ്കില്‍ നിക്കാഹ് നടത്തിക്കൊടുക്കുന്ന ഖാസി നേരിട്ട് ചടങ്ങുമായി മുന്നോട്ടുപോകാതെ വിഷയം വഖഫ് ബോര്‍ഡിന് കൈമാറണം. രേഖകളും നിയമപരമായ നടപടിക്രമങ്ങളും മതപരമായ വ്യവസ്ഥകളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി മുസ്ലിം പണ്ഡിതരും മതവിദഗ്ധരും ഉള്‍പ്പെടുന്ന ഏഴംഗ സമിതി രൂപീകരിക്കാനാണ് ബോര്‍ഡിന്റെ ആലോചന. അതേസമയം, സിവില്‍ നിയമപ്രകാരം വിവാഹിതരാകുന്ന മതാന്തര ദമ്പതികള്‍ക്ക് നിര്‍ദേശം ബാധകമല്ലെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സലിം രാജിന്റെ വിശദീകരണം. രജിസ്റ്റര്‍ ചെയ്ത ഖാസിമാര്‍ ഇസ്ലാമിക രീതിയില്‍ നടത്തുന്ന നിക്കാഹുകളെയാണ് നിര്‍ദേശം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരപരിധി മറികടക്കുന്നതായി വിമര്‍ശനം
വഖഫ് ബോര്‍ഡിന്റെ നീക്കത്തിനെതിരെ മുന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ സലാം റിസ്വി രംഗത്തെത്തി. വഖഫ് സ്വത്തുക്കളുടെ പരിപാലനവും ഭരണവുമാണ് ബോര്‍ഡിന്റെ പ്രധാന അധികാരപരിധിയെന്നും നിക്കാഹ് പോലുള്ള മതപരവും വ്യക്തിപരവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്ന അതോറിറ്റിയായി പ്രവര്‍ത്തിക്കാന്‍ വഖഫ് ബോര്‍ഡിനെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമവ്യവസ്ഥയില്ലെന്നും റിസ്വി ചൂണ്ടിക്കാട്ടി. എന്നാല്‍ നിക്കാഹ് നടത്തിക്കൊടുക്കുന്ന മൗലാനമാരുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ക്രമപ്പെടുത്താനും ഭാവിയിലെ രേഖാ തര്‍ക്കങ്ങള്‍ കുറയ്ക്കാനും സഹായിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നിയമിച്ച ഖാസിമാര്‍ക്ക് മാത്രമല്ല അധികാരം
വിവാദത്തോടെ ഖാസി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ശക്തമായി. സര്‍ക്കാര്‍ നിയമിച്ച ഖാസിമാര്‍ക്ക് മാത്രമേ മുസ്ലിം വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയൂ എന്ന നിര്‍ബന്ധിത വ്യവസ്ഥ നിലവിലില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണയായി പള്ളികളിലെ ഇമാമുമാരും മതപണ്ഡിതരുമാണ് നിക്കാഹ് നടത്തുകയും നിക്കാഹ് നാമയില്‍ ഒപ്പിടുകയും ചെയ്യുന്നത്.
'സുതാര്യതയ്ക്കും രേഖാസൂക്ഷിപ്പിനും'
അതേസമയം, നിര്‍ദേശത്തെ ന്യായീകരിച്ച് ഛത്തീസ്ഗഢ് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സലിം രാജ് രംഗത്തെത്തി. സംസ്ഥാനത്തുടനീളമുള്ള നിക്കാഹ് നടപടികളില്‍ ഏകീകൃത സംവിധാനം കൊണ്ടുവരാനും വിവാഹരേഖകള്‍ സുതാര്യമാക്കാനുമാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ പല സ്ഥലങ്ങളിലും കേന്ദ്രീകൃത രേഖാസൂക്ഷിപ്പില്ലാതെയാണ് നിക്കാഹുകള്‍ നടക്കുന്നത്. ഇതുമൂലം പിന്നീട് വ്യക്തിത്വം, വിവാഹസ്ഥിതി, ഔദ്യോഗിക രേഖകള്‍, സ്വത്ത് സംബന്ധമായ അവകാശവാദങ്ങള്‍ എന്നിവയില്‍ തര്‍ക്കങ്ങള്‍ ഉയരുന്നതായാണ് ബോര്‍ഡിന്റെ വാദം. സര്‍ഗുജ, കാങ്കേര്‍, ഖൈരാഗഢ്, ഡോംഗര്‍ഗഢ് തുടങ്ങിയ ജില്ലകളില്‍ നിന്ന് തര്‍ക്കവിവാഹങ്ങളും തിരിച്ചറിയല്‍ പ്രശ്‌നങ്ങളും സംബന്ധിച്ച പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പുതിയ ചട്ടക്കൂടില്‍ നിക്കാഹ് നടത്തിക്കൊടുക്കുന്ന ഖാസിമാരും മൗലാനമാരും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. വിവാഹത്തിലെ ഒരാള്‍ മുസ്ലിമല്ലെങ്കില്‍ കേസ് ബോര്‍ഡിന് കൈമാറണം. അനുമതിയില്ലാതെ മതാന്തര നിക്കാഹ് നടത്തിക്കൊടുക്കുന്ന മതപുരോഹിതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട്.
ഏകീകൃത നിക്കാഹ് നാമയും ഡിജിറ്റല്‍ രേഖകളും
വിവാഹരേഖകള്‍ക്ക് ഏകീകൃത രൂപം നല്‍കുന്നതിന്റെ ഭാഗമായി ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സ്റ്റാന്‍ഡേര്‍ഡ് നിക്കാഹ് നാമ കൊണ്ടുവരാനും ആലോചനയുണ്ട്. നിലവില്‍ പല നിക്കാഹ് രേഖകളും ഉര്‍ദുവില്‍ മാത്രമായതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികളില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് ബോര്‍ഡിന്റെ വാദം. സംസ്ഥാനത്ത് നടക്കുന്ന നിക്കാഹുകളുടെ കേന്ദ്രീകൃത ഡിജിറ്റല്‍ രേഖാശേഖരം സൃഷ്ടിക്കാനും ബോര്‍ഡ് പദ്ധതിയിടുന്നു. മതപരിവര്‍ത്തനം ആവശ്യമായ കേസുകളിലെ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് സൂക്ഷിക്കാനും ഇതിലൂടെ ഭാവിയിലെ തര്‍ക്കങ്ങള്‍ കുറയ്ക്കാനുമാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ജൂലൈ 11ന് ഖാസിമാരുടെയും മതപണ്ഡിതരുടെയും യോഗത്തില്‍ കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അഭിപ്രായങ്ങള്‍ പരിഗണിച്ച് ചട്ടക്കൂട് അന്തിമമാക്കിയ ശേഷം ഓഗസ്റ്റ് മുതല്‍ നടപ്പാക്കാനാണ് ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ വിവാഹകാര്യങ്ങളില്‍ വഖഫ് ബോര്‍ഡിന് ഇത്തരമൊരു നിയന്ത്രണാധികാരം ഉണ്ടോയെന്ന ചോദ്യമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രബിന്ദു.