Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7106 INR  1 EURO=108.5658 INR
ukmalayalampathram.com
Thu 02nd Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉല്ലാസയാത്ര' പരാമര്‍ശം ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍; വിവാദത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍
reporter

പത്തനംതിട്ട: നിയമസഭയില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നതിനിടെ ''ഉല്ലാസയാത്ര നടത്തുന്നപോലെ ഓളം വെട്ടി നടക്കരുത്'' എന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമാ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാളാണെന്നും, തന്റെ പരാമര്‍ശം അവരെ ലക്ഷ്യമിട്ടല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. സഭയ്ക്കകത്ത് അംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും, അതിന് വിരുദ്ധമായി പെരുമാറുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ''ഉമാ തോമസിന്റെ പേര് ഇതുമായി ബന്ധിപ്പിച്ചതായി കണ്ടു. സത്യം പറഞ്ഞാല്‍ ഉമാ തോമസ് അവരുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു. അവര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയവരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്,'' എന്നാണ് സ്പീക്കറുടെ വിശദീകരണം.

ചിലര്‍ സംഭവത്തെ ഉമാ തോമസിനെ കേന്ദ്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും അത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ട കാര്യമാണ്,'' എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സ്പീക്കര്‍ ഉമാ തോമസിന് താക്കീത് നല്‍കി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ''ശ്രീമതി ഉമാ തോമസ്, ഒന്ന് പറഞ്ഞോട്ടെ... നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുത്'' എന്ന രീതിയിലുള്ള വാചകത്തോടൊപ്പം, ഉമാ തോമസ് സഭയില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉമാ തോമസ് സംസാരിക്കുമ്പോള്‍ ചില എംഎല്‍എമാര്‍ സഭയ്ക്കകത്തുകൂടി നടക്കുകയായിരുന്നു. അതിനെതിരെയാണ് സ്പീക്കര്‍ ഇടപെട്ടത്. ''സഭ ഗൗരവകരമായി മുന്നോട്ട് പോകുമ്പോള്‍, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാന്‍ ഇടയാക്കരുത്,'' എന്നായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്. സംഭവസമയത്ത് ചില അംഗങ്ങള്‍ സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് സഭയ്ക്കകത്ത് സഞ്ചരിക്കുന്നുണ്ടായിരുന്നുവെന്നാണ് വിശദീകരണം. ഇതാണ് പിന്നീട് ഉമാ തോമസിനെതിരെ സ്പീക്കര്‍ കടുത്ത പരാമര്‍ശം നടത്തി എന്ന തരത്തില്‍ പ്രചരിച്ചതെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. സഭയുടെ ഗൗരവവും ചട്ടങ്ങളും പാലിക്കേണ്ടത് എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window