Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാനയിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം
reporter

കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിച്ചായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഏഴരപ്പൊന്നാനയിലെ സ്വര്‍ണപ്പാളികള്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും വിധേയമാക്കിയതായി ചൂണ്ടിക്കാട്ടി എ.ജി. പ്രസാദ് കുമാര്‍ എന്ന ഭക്തന്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും മറവില്‍ യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ഘടിപ്പിച്ചുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടിയത്.

ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനായി മാത്രം പുറത്തെടുക്കുന്ന ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉള്‍പ്പെടുന്ന എട്ട് ആനവിഗ്രഹങ്ങളെയാണ് ഏഴരപ്പൊന്നാന എന്നു വിളിക്കുന്നത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാര-പൈതൃക സമ്പത്തുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. പ്രസക്തമായ രജിസ്റ്ററുകള്‍ പരിശോധിച്ച് ക്രോസ് വെരിഫിക്കേഷന്‍ നടത്തിയപ്പോള്‍ ഏഴരപ്പൊന്നാനയില്‍ അറ്റകുറ്റപ്പണികളോ ക്രമക്കേടുകളോ നടന്നതായി രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും കണ്ടെത്തലുകളെ അവിശ്വസിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ആരോപണങ്ങളുടെ സ്വഭാവവും ക്ഷേത്രസ്വത്തിന്റെ പ്രാധാന്യവും പരിഗണിച്ച് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെ സ്വതന്ത്ര പരിശോധന അനിവാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. അന്വേഷണ വേളയില്‍ സ്വര്‍ണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കണം. ഇതിനായി ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ആവശ്യമെങ്കില്‍ വിദഗ്ധനായ സ്വര്‍ണപ്പണിക്കാരന്റെ സേവനം തേടണമെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്ര രജിസ്റ്ററുകള്‍, രേഖകള്‍, ഏഴരപ്പൊന്നാനയുടെ നിലവിലെ അവസ്ഥ എന്നിവ പരിശോധിച്ച ശേഷമുള്ള കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 31-ലേക്ക് മാറ്റി.

 
Other News in this category

 
 




 
Close Window