Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5022 INR  1 EURO=108.9562 INR
ukmalayalampathram.com
Sun 05th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫിന്റെ പൊട്ടിത്തെറി; 'സ്വന്തക്കാരെ തിരുകിക്കയറ്റി, സമര നേതാക്കളെ വെട്ടിമാറ്റി'
reporter

മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തേക്ക്. മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. പാര്‍ട്ടി നിര്‍ദേശങ്ങളും പോഷക സംഘടനകളുടെ ശുപാര്‍ശകളും അവഗണിച്ച് മന്ത്രിമാര്‍ സ്വന്തം ഇഷ്ടപ്രകാരം ആളുകളെ സ്റ്റാഫില്‍ തിരുകിക്കയറ്റിയെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ പത്ത് വര്‍ഷമായി സംഘടനയ്ക്കുവേണ്ടി തെരുവില്‍ സമരം ചെയ്യുകയും പൊലീസ് മര്‍ദനം ഉള്‍പ്പെടെ നേരിടുകയും ചെയ്ത നേതാക്കളെ മനഃപൂര്‍വം ഒഴിവാക്കി. പാര്‍ട്ടിയില്‍ സജീവമല്ലാത്തവര്‍ക്കും സംഘടനയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കാത്തവര്‍ക്കുമാണ് പദവികള്‍ നല്‍കിയതെന്നും എംഎസ്എഫ് കുറ്റപ്പെടുത്തി. ഇത് പ്രസ്ഥാനത്തോടും അണികളോടുമുള്ള വഞ്ചനയാണെന്നാണ് പ്രമേയത്തിലെ വിമര്‍ശനം.

''പാര്‍ട്ടിക്കുവേണ്ടി തെരുവില്‍ തല്ലുകൊള്ളാനും ജയിലില്‍ പോകാനും പോഷക സംഘടനകളെ ഉപയോഗിക്കുകയും അധികാരം ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പദവികള്‍ നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല,'' എന്നാണ് പ്രമേയത്തിന്റെ നിലപാട്. സമരരംഗത്തുണ്ടായിരുന്ന നേതാക്കളോട് മന്ത്രിമാര്‍ കാട്ടിയ സമീപനം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും എംഎസ്എഫ് വ്യക്തമാക്കി.

'പാര്‍ട്ടി ഉപസമിതിയെ നോക്കുകുത്തിയാക്കി'

പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ സുതാര്യമാക്കുന്നതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയെ മന്ത്രിമാര്‍ നോക്കുകുത്തിയാക്കിയെന്നും പ്രമേയം ആരോപിക്കുന്നു. മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്ടിയു, സികെസിടി തുടങ്ങിയ സംഘടനകള്‍ ഔദ്യോഗികമായി സമര്‍പ്പിച്ച പട്ടികകള്‍ പോലും പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നാണ് വിമര്‍ശനം. പാര്‍ട്ടിയുടെ ജനാധിപത്യപരമായ അവകാശങ്ങളെ മന്ത്രിമാര്‍ അട്ടിമറിച്ചു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നിയമനങ്ങള്‍ നടത്തിയതിലൂടെ പദവികളുടെ കുത്തകവല്‍ക്കരണമാണ് നടന്നതെന്നും എംഎസ്എഫ് ആരോപിച്ചു. അധികാരം ലഭിച്ചപ്പോള്‍ സംഘടനയ്ക്കുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവര്‍ അവഗണിക്കപ്പെടുന്നത് താഴെത്തട്ടിലെ പ്രവര്‍ത്തകരില്‍ കടുത്ത നിരാശ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യം

പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും വിവാദ നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദിന്റെ സാന്നിധ്യത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളെച്ചൊല്ലി നേരത്തെയും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വം തയ്യാറാക്കിയ പട്ടിക മറികടന്ന് മന്ത്രിമാര്‍ സ്വന്തം നിലയ്ക്ക് നിയമനങ്ങള്‍ നടത്തിയെന്ന ആരോപണം ജൂണ്‍ ആദ്യം തന്നെ പുറത്തുവന്നിരുന്നു. എംഎസ്എഫ് ജില്ലാ കമ്മിറ്റി പരസ്യമായി പ്രമേയം പാസാക്കിയതോടെ ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്ന സ്റ്റാഫ് നിയമന വിവാദം പുതിയ രാഷ്ട്രീയ തലത്തിലേക്ക് നീങ്ങുകയാണ്.

 
Other News in this category

 
 




 
Close Window