Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എതിര്‍പ്പ് ശക്തമായിട്ടും ശേഷാദ്രിനാഥന്‍ നിയമനവുമായി മുന്നോട്ട്; ഫയല്‍ ഗവര്‍ണറുടെ പരിഗണനയില്‍
reporter

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ നിന്ന് എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെയും എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന നടപടികളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ട്. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശ അടങ്ങിയ ഫയല്‍ രാജ്ഭവനിലേക്ക് അയച്ചു. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമനം പ്രാബല്യത്തില്‍ വരൂ. നിയമന ഫയല്‍ ഗവര്‍ണറുടെ ഓഫീസില്‍ ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തമിഴ്നാടിന്റെ ചുമതലയും ഉള്ളതിനാല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ജൂലൈ 5 വരെ ചെന്നൈയിലാണ്. ജൂലൈ 6ന് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ഫയലില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന് സംഘപരിവാര്‍ അനുകൂല പശ്ചാത്തലമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം നിയമനത്തെ എതിര്‍ക്കുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് നിയമനവുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന.

കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിയമന വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തുറന്ന എതിര്‍പ്പുമായി രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസാണ് എതിര്‍പ്പ് പരസ്യമാക്കിയത്. ശേഷാദ്രിനാഥന്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ തെളിവുകളും നിയാസ് മുന്നോട്ടുവച്ചു. വിമര്‍ശനം ശക്തമായതിന് പിന്നാലെ ശേഷാദ്രിനാഥന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള ചില പോസ്റ്റുകള്‍ അപ്രത്യക്ഷമായതായും ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് പി.എം. നിയാസ് മുഖ്യമന്ത്രിക്കും കെപിസിസി നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു. ''കണ്ണുള്ളവര്‍ എല്ലാം കാണുന്നുണ്ട്, എന്നാല്‍ കാണേണ്ടവര്‍ കാണുന്നില്ല'' എന്നായിരുന്നു വിഷയത്തില്‍ നിയാസിന്റെ പ്രതികരണം.

അതേസമയം, നിയാസ് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ക്കിടയിലും നിയമന നടപടികള്‍ മുന്നോട്ട് നീങ്ങുകയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളുമായി ബന്ധപ്പെട്ട ആഭ്യന്തര തര്‍ക്കങ്ങളും വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. പി.എം. നിയാസ് കെ.സി. വേണുഗോപാല്‍ പക്ഷത്തോട് അടുത്തുനില്‍ക്കുന്ന നേതാവായതിനാല്‍, സര്‍ക്കാരിനെതിരെ ആ വിഭാഗം ആസൂത്രിതമായി നീങ്ങുകയാണോ എന്ന സംശയവും മുഖ്യമന്ത്രിക്ക് ഉള്ളതായി സൂചനയുണ്ട്. ഗവര്‍ണറുടെ തീരുമാനം പുറത്തുവന്നാല്‍ മാത്രമേ നിയമനം സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കൂ.

 
Other News in this category

 
 




 
Close Window