Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിപ്പ്; പണം ശുചിമുറികളില്‍ ഒളിപ്പിച്ചെന്ന് പ്രതിയുടെ മൊഴി
reporter

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം വകമാറ്റിയെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ അവിനാഷ് ശുക്ലയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്തായി. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ അതിസുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പണം തട്ടിയെടുക്കുന്ന രീതിയെക്കുറിച്ച് പ്രതി വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോഷണത്തിനായി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായും കവര്‍ന്ന പണം താല്‍ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായും അവിനാഷ് ശുക്ല പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിശദമായ മൊഴി നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് ഏഴ് പേരെക്കുറിച്ചും അവിനാഷ് മൊഴി നല്‍കിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായിയായ രാമശങ്കര്‍ എന്ന ടിന്നു യാദവ്, കൗണ്ടിങ് ഇന്‍-ചാര്‍ജ് സുഭാഷ് ശ്രീവാസ്തവ, കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളായ അനുകല്‍പ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, രാം ശങ്കര്‍ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസില്‍ ഇതിനകം അറസ്റ്റിലായ മറ്റുള്ളവര്‍. പണം എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളില്‍ ഒന്ന് ടിന്നു യാദവിന്റെ പക്കലും മറ്റൊന്ന് ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു. പണം എണ്ണുന്ന സമയത്ത് ഒരാള്‍ പണം മാറ്റിവയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ ഇയാളെ ചുറ്റി നില്‍ക്കുകയും കാഴ്ച മറയ്ക്കുകയും ചെയ്തിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ക്ഷേത്ര സമുച്ചയത്തിനുള്ളിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം പ്രതികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ക്യാമറകളില്‍ പതിയാത്ത ഇടങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവര്‍ പണം കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന ജീവനക്കാര്‍ ഇവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നതും പ്രതികള്‍ക്ക് സഹായമായെന്നാണ് വിലയിരുത്തല്‍. ട്രസ്റ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രതികള്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം കാരണം ഇവരെ ആരും സംശയിച്ചിരുന്നില്ലെന്നും പരിശോധനകള്‍ക്കും വിധേയരാക്കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ വീടും ഭൂമിയും ഉള്‍പ്പെടെയുള്ള ആസ്തികള്‍ വാങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്നും പരിശോധിച്ചുവരുന്നു.

അതേസമയം, കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനും ഔദ്യോഗികമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മുമ്പുതന്നെ തുക തിരിച്ചുപിടിക്കാന്‍ ട്രസ്റ്റ് ശ്രമം ആരംഭിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. ജൂണ്‍ 5ന് അവിനാഷ് ശുക്ലയുടെ വീട്ടില്‍ നിന്ന് ട്രസ്റ്റ് ഭാരവാഹികള്‍ 58 ലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. ഇതിന് പുറമെ, ജൂണ്‍ 5 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ വഴി പ്രതികളില്‍ നിന്ന് കൂടുതല്‍ തുക തിരികെ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കേസ് നിയമനടപടികളിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ വന്‍തുക തിരിച്ചുപിടിക്കാന്‍ ട്രസ്റ്റിന് കഴിഞ്ഞെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. സംഭവത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍, ആസ്തികള്‍, ട്രസ്റ്റ് തലത്തിലുള്ള വീഴ്ചകള്‍ എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

 
Other News in this category

 
 




 
Close Window