Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അയോധ്യ ക്ഷേത്ര സംഭാവന വിവാദം ഗൗരവമുള്ളത്; സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പിണറായി വിജയന്‍
reporter

തിരുവനന്തപുരംഛ അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെയും മതവൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചവര്‍, അതിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭാവനാ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുജന വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണവും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച സാഹചര്യത്തില്‍, ഈ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലൂടെ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഭക്തരില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച പണം എങ്ങനെ കൈകാര്യം ചെയ്തു, ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ എങ്ങനെയാണ് സംഭവിച്ചത്, ഉത്തരവാദികള്‍ ആരൊക്കെയാണ് എന്നതില്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും വ്യക്തത വരുത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന മറ്റൊരു ഉദാഹരണമാണ് ഈ വിവാദമെന്നും പിണറായി വിജയന്‍ ആരോപിച്ചു. വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും അതിലൂടെ ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുകയും ചെയ്ത ശേഷം, അതിന്റെ നടത്തിപ്പില്‍ തന്നെ സംശയങ്ങള്‍ ഉയരുന്നത് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ സാധാരണ അന്വേഷണം മാത്രം മതിയാകില്ലെന്നും, സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഭക്തരുടെ സംഭാവനകളുമായി ബന്ധപ്പെട്ട ഓരോ രൂപയും എവിടെ പോയെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window