തിരുവനന്തപുരംഛ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട എംബ്ലം വിവാദത്തില്‍ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. PMAY പ്രകാരം നിര്‍മ്മിക്കുന്ന വീടുകളില്‍ പദ്ധതിയുടെ എംബ്ലം വെക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നും, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിക്കുന്നതില്‍ തെറ്റില്ലെന്ന രീതിയിലാണ് തന്റെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്തകളില്‍ വന്നതെന്നും മന്ത്രി പറഞ്ഞു. ''PMAYയുടെ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെന്ന് ആരെങ്കിലും കാണിച്ചുതരാമോ?'' എന്ന് ചോദിച്ച ഷാജി, ഒരു ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതുതായി വീട് ലഭിക്കാനുള്ള അവസരം അനാവശ്യ വിവാദത്തിന്റെ പേരില്‍ തടസ്സപ്പെടുത്തരുതെന്നും പറഞ്ഞു.
പദ്ധതിയുടെ പേര് പ്രധാനമന്ത്രി ആവാസ് യോജന എന്നാണ്. അതിനപ്പുറം നരേന്ദ്ര മോദിയുടെയോ മറ്റേതെങ്കിലും പ്രധാനമന്ത്രിയുടെയോ പേര് അല്ലെങ്കില്‍ ചിത്രം എംബ്ലത്തില്‍ ഇല്ലെന്നാണ് മന്ത്രിയുടെ വാദം. കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന പണം ജനങ്ങളുടേതാണെന്നും അതിനാല്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട വീട് രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍ 1.20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതുതായി വീട് ലഭിക്കുമെന്നാണ് ഷാജിയുടെ വാദം. ഒരു വീട് നിര്‍മ്മിക്കാന്‍ ഏകദേശം ഏഴ് ലക്ഷം രൂപ ചെലവ് വരുമ്പോള്‍ നാല് ലക്ഷം രൂപയേ സഹായമായി നല്‍കാന്‍ കഴിയുന്നുള്ളൂവെന്നും, ഇത്തരം സാമ്പത്തിക പരിമിതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംബ്ലത്തിന്റെ പേരില്‍ പദ്ധതി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ PMAY-U 2.0 കരാറില്‍ നിന്ന് പിന്‍മാറിയത് എംബ്ലം വിവാദത്തിന്റെ പേരിലാണെന്ന വാദത്തെയും ഷാജി വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍ സംസ്ഥാന വിഹിതം നല്‍കാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് മന്ത്രിയുടെ ആരോപണം. എന്നാല്‍ അതിനെ ആശയപരമായ നിലപാടായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇഎംഎസ് ഭവനപദ്ധതിയെ ഉദാഹരിച്ച് ഇടതുപക്ഷത്തിന്റെ നിലപാടിനെയും മന്ത്രി ചോദ്യം ചെയ്തു. ഇഎംഎസ് ഭവനപദ്ധതിയുടെ പേരില്‍ ഒരാളുടെ പേര് ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ലെങ്കില്‍, പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവി ഉള്‍പ്പെട്ടിരിക്കുന്ന കേന്ദ്ര പദ്ധതിയുടെ പേര് എതിര്‍ക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, PMAY വീടുകളില്‍ നിര്‍ബന്ധിതമായി ലോഗോ പതിക്കുന്നതിനെതിരെ മുമ്പ് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിന്ന് സ്വകാര്യത, ആത്മാഭിമാനം, ഫെഡറല്‍ ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുടെ നടപ്പാക്കലില്‍ സുതാര്യതയും ഗുണഭോക്തൃ തിരഞ്ഞെടുപ്പിലെ സാമൂഹിക പരിശോധനയും ഉറപ്പാക്കാനാണ് ലോഗോ പ്രദര്‍ശനം ആവശ്യപ്പെടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വിവാദം തുടരുന്നതിനിടെ, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് മുന്‍ഗണന നല്‍കണമെന്നാണ് മന്ത്രി കെ.എം. ഷാജിയുടെ ആവശ്യം.