Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിന്നക്കനാലില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പിന്റെ നിര്‍ണായക നടപടി
reporter

തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ പതിറ്റാണ്ടുകളായി സ്വകാര്യ കമ്പനിയുടെ കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ ഭൂമിയാണ് ഹൈക്കോടതി വിധി വന്നതിന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി തിരിച്ചുപിടിച്ചത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കും ഒടുവിലാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഭൂമി വീണ്ടെടുത്തത്. വനംവകുപ്പിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഭൂമി വീണ്ടെടുപ്പ് നടപടികളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശം കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാര-ആവാസ മേഖലയാണ്. കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയുടെ ഭാഗത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. കമ്പനിയുടെ ഹര്‍ജിയില്‍ 1987-ല്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. അതനുസരിച്ച് 168.72 ഹെക്ടര്‍ ഭൂമി കമ്പനിക്ക് തിരികെ നല്‍കാനും അവശേഷിക്കുന്ന 42.72 ഹെക്ടര്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും കോടതി അനുമതി നല്‍കിയിരുന്നു. വിധി വന്നിട്ടും, 2001-ല്‍ ഈ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടും, ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം ഭൂമി വനംവകുപ്പിന്റെ അധീനതയിലേക്ക് പൂര്‍ണമായി കൈമാറപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് വനംവകുപ്പ് പുതിയ നടപടികളുമായി മുന്നോട്ട് നീങ്ങിയത്.

മാസങ്ങള്‍ നീണ്ട രഹസ്യ സര്‍വേയ്‌ക്കൊടുവില്‍ സര്‍വേ നമ്പറുകളായ 355-479, 353-482, 361 എന്നിവയില്‍ ഉള്‍പ്പെടുന്ന ഭൂമി കമ്പനിയുടെ പട്ടയത്തില്‍ നിന്ന് കുറവുചെയ്ത് വനംവകുപ്പിന്റെ അധീനതയിലാക്കി. കടുത്ത എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും മറികടന്നാണ് നടപടി പൂര്‍ത്തിയാക്കിയത്. ഹൈറേഞ്ച് സിസിഎഫ് ഡി.കെ. വിനോദ്കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസ് എന്നിവരുടെ നിര്‍ദേശപ്രകാരം ദേവികുളം റേഞ്ച് ഓഫിസര്‍ ഇ.ഡി. അരുണ്‍കുമാര്‍, ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഹാരിസണ്‍ ശശി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്. സജീവ് കുമാര്‍, സാജു ടി.ആര്‍., ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എസ്. അമ്പുമണി എന്നിവര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. വനംവകുപ്പ് ഭൂമിയില്‍ ജണ്ടകളും ബോര്‍ഡുകളും സ്ഥാപിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം തിരികെ ലഭിച്ചതോടെ ചിന്നക്കനാല്‍ മേഖലയിലെ വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window