Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാമക്ഷേത്ര ട്രസ്റ്റ് കേന്ദ്രത്തിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം
reporter

ലഖ്നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ള സ്ഥാപനമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20-ന് കേന്ദ്ര വിവരാവകാശ കമ്മീഷനെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ട്രസ്റ്റിന്റെ തീരുമാനങ്ങള്‍ ആന്തരികമായാണ് എടുക്കുന്നതെന്നും അതിനുള്ള അധികാരം സ്ഥിരം ട്രസ്റ്റികള്‍ക്കുമാത്രമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ വിശദീകരണം. 2024-ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം അപേക്ഷയും അപ്പീലും നിരസിച്ചു. തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ഹൈക്കോടതി, രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനോട് നിര്‍ദേശിച്ചു. തുടര്‍ന്ന്, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സ്വതന്ത്ര സംഘടനയാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് എന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിലോ കേന്ദ്ര സര്‍ക്കാരിലോ നിന്ന് സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ട്രസ്റ്റ് സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം വകമാറ്റി ചെലവഴിച്ചെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ച ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം ട്രസ്റ്റ് അംഗങ്ങളുടേതായിരിക്കും. ട്രസ്റ്റ് സ്വയംഭരണാധികാരമുള്ള സംവിധാനമായി പ്രവര്‍ത്തിക്കുന്നതിനാല്‍, റായിയെയും മിശ്രയെയും സ്ഥാനത്തുനിന്ന് നീക്കാന്‍ രാജ്യത്തെ മറ്റൊരു സമിതിക്കും അധികാരമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം ജൂലൈ 6-ന് ചേരും. ട്രസ്റ്റിലെ 15 അംഗങ്ങളില്‍ നാല് പേര്‍ക്ക് വോട്ടവകാശമില്ല. ഒരു അംഗം മരിച്ചതിനാല്‍ അന്തിമ തീരുമാനത്തില്‍ ബാക്കിയുള്ള അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും. യോഗത്തില്‍ പങ്കെടുക്കാന്‍ റായിക്കും മിശ്രയ്ക്കും ഇപ്പോഴും അര്‍ഹതയുള്ളതിനാല്‍, വോട്ടവകാശമുള്ള ബാക്കിയുള്ള അംഗങ്ങളില്‍ ആറുപേരുടെ പിന്തുണയാണ് നിര്‍ണായകമാകുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിക്കുന്ന നാല് ഉദ്യോഗസ്ഥര്‍ ട്രസ്റ്റ് അംഗങ്ങളായിരുന്നാലും, അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമോ വോട്ടവകാശമോ ഇല്ല.

 
Other News in this category

 
 




 
Close Window