Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാര്‍ അനുമതിക്ക് ശേഷം മാത്രം; 'എംഎസ്സിക്ക് കുത്തകാവകാശമില്ല', വിശദീകരണവുമായി അദാനി
reporter

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗത്തിന് കൈമാറാനുള്ള നിര്‍ദേശത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി അദാനി പോര്‍ട്‌സ്. കേരള സര്‍ക്കാരിന്റെ അനുമതിയുള്‍പ്പെടെ ആവശ്യമായ എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കൂവെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടനയില്‍ ഉടന്‍ മാറ്റമൊന്നുമില്ലെന്നും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ അശ്വനി ഗുപ്ത അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെയാണ് അദാനി പോര്‍ട്‌സ് എംഎസ്സിയുമായുള്ള 1.4 ബില്യണ്‍ ഡോളറിന്റെ ഇടപാട് പ്രഖ്യാപിച്ചതെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണം. വിഴിഞ്ഞം തുറമുഖത്തിന്റെ കണ്‍സഷനയര്‍ കമ്പനിയായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി സ്വന്തമാക്കാനാണ് എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ നിക്ഷേപ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പദ്ധതി. ഇടപാട് വിവിധ റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമാണെന്ന് നേരത്തെ അദാനി പോര്‍ട്‌സ് പ്രഖ്യാപിച്ചിരുന്നു.

'വിഴിഞ്ഞം ഓപ്പണ്‍ ആക്‌സസ് തുറമുഖമായി തുടരും'

എംഎസ്സിക്ക് ഓഹരി പങ്കാളിത്തം ലഭിച്ചാല്‍ വിഴിഞ്ഞം തുറമുഖത്ത് ഒരു ഷിപ്പിങ് കമ്പനിയുടെ കുത്തക രൂപപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കയും അദാനി പോര്‍ട്‌സ് തള്ളി. വിഴിഞ്ഞം എല്ലാ അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകള്‍ക്കും തുറന്ന 'ഓപ്പണ്‍ ആക്‌സസ് പോര്‍ട്ട്' ആയി തുടരുമെന്നും എംഎസ്സിക്ക് പ്രത്യേക മുന്‍ഗണനയോ എക്‌സ്‌ക്ലൂസീവ് ബെര്‍ത്തിങ് അവകാശങ്ങളോ നല്‍കില്ലെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഷിപ്പിങ് കമ്പനികള്‍ക്കും തുല്യമായ പരിഗണന ലഭിക്കുമെന്നാണ് വിശദീകരണം. ഓഹരി പങ്കാളിത്തം ലഭിച്ചാലും തുറമുഖത്തിന്റെ പ്രവര്‍ത്തന നിയന്ത്രണവും മാനേജ്‌മെന്റ് ചുമതലയും അദാനി പോര്‍ട്‌സിന് തന്നെയായിരിക്കും. എംഎസ്സിയുമായുള്ള ധാരണ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ളതാണെന്നും തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തന നിയന്ത്രണം കൈമാറുന്നതല്ലെന്നും അദാനി പോര്‍ട്‌സ് വ്യക്തമാക്കി.

സെബി ചട്ടങ്ങള്‍ പാലിച്ചെന്ന് കമ്പനി

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിക്കുന്നതിന് മുമ്പ് കേരള സര്‍ക്കാരിനെ വിവരം ധരിപ്പിച്ചില്ലെന്ന വിമര്‍ശനത്തിനും അദാനി പോര്‍ട്‌സ് മറുപടി നല്‍കി. ലിസ്റ്റഡ് കമ്പനികള്‍ പാലിക്കേണ്ട സെബി ചട്ടങ്ങള്‍ അനുസരിച്ചാണ് നിര്‍ണായക ഇടപാടുമായി ബന്ധപ്പെട്ട വിവരം ആദ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വെളിപ്പെടുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം. അതിനു പിന്നാലെ കേരള സര്‍ക്കാരിനെയും ഔദ്യോഗികമായി സമീപിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. അദാനി-എംഎസ്സി ധാരണയെക്കുറിച്ച് സര്‍ക്കാരുമായി മുന്‍കൂര്‍ കൂടിയാലോചന നടന്നില്ലെന്നും കണ്‍സഷനയര്‍ കമ്പനിയുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം ആവശ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ അദാനി പോര്‍ട്‌സ് മാനേജ്‌മെന്റിനെ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ അതൃപ്തി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ അംഗീകാരങ്ങള്‍ക്കും ശേഷമേ അന്തിമ കൈമാറ്റം

കേരള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികളുമായി തുടര്‍ചര്‍ച്ച നടത്തുമെന്നും നിലവിലുള്ള കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകളും റെഗുലേറ്ററി, ഗവേണന്‍സ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ച ശേഷമേ ഇടപാട് പൂര്‍ത്തിയാക്കൂവെന്നും അദാനി പോര്‍ട്‌സ് അറിയിച്ചു. ഇടപാടിന് ശേഷവും അദാനി പോര്‍ട്‌സ് ഭൂരിപക്ഷ ഓഹരിയും തുറമുഖത്തിന്റെ നിയന്ത്രണവും നിലനിര്‍ത്തും.

സെബിയെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെയും സമീപിച്ച് പിണറായി

അതേസമയം, നിര്‍ദിഷ്ട ഓഹരി കൈമാറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സെബിയെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെയും സമീപിച്ചിട്ടുണ്ട്. 49 ശതമാനം ഓഹരി കൈമാറ്റം കണ്‍സഷന്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പൊതുതാല്‍പര്യം, തുറമുഖത്തിലെ മത്സരം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും പിണറായി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഷിപ്പിങ് കമ്പനിക്ക് വലിയ ഓഹരി പങ്കാളിത്തം ലഭിക്കുന്നത് വിഴിഞ്ഞത്തിന്റെ മള്‍ട്ടി-ഓപ്പറേറ്റര്‍ സ്വഭാവത്തെ ബാധിക്കുമോയെന്നും മറ്റ് അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകള്‍ക്ക് തുല്യ അവസരം ഉറപ്പാകുമോയെന്നും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 'എംഎസ്സിക്ക് പ്രത്യേക അവകാശങ്ങളില്ല, വിഴിഞ്ഞം ഓപ്പണ്‍ ആക്‌സസ് തുറമുഖമായി തുടരും' എന്ന വിശദീകരണവുമായി അദാനി പോര്‍ട്‌സ് രംഗത്തെത്തിയത്. ഓഹരി കൈമാറ്റ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ പരിശോധനയ്ക്കും അനുമതിക്കും വിധേയമാണെന്ന കാര്യത്തില്‍ സര്‍ക്കാരും അദാനി പോര്‍ട്‌സും ഇപ്പോള്‍ ഒരേ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ നിര്‍ദിഷ്ട ഇടപാടിന്റെ സാമ്പത്തിക, നിയമ, മത്സരപരമായ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ തര്‍ക്കം തുടരാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window