Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഴക്കുറവ് തിരിച്ചടി; വൈദ്യുതി ഉല്‍പാദന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ
reporter

 കൊച്ചി: കാലവര്‍ഷം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തിന് ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്ന നിലയില്‍. പ്രധാന ജലസംഭരണികളില്‍ സംഭരണ ശേഷിയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനവും പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കിആനത്തോട്, കൊച്ചു പമ്പ ഡാമുകളില്‍ 21.79 ശതമാനവും മാത്രമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ ലഭിച്ച മഴ ശരാശരിയെക്കാള്‍ 34 ശതമാനം കുറവാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ശക്തമാകുന്ന വര്‍ഷങ്ങളില്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയാറുണ്ട്. ഇത്തവണ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ കൂടുതലും തീരപ്രദേശങ്ങളിലും ഇടനാട്ടിലുമാണ് ലഭിച്ചത്. എന്നാല്‍ വൈദ്യുതി ഉല്‍പാദനത്തിന് നിര്‍ണായകമായ പ്രധാന ഡാമുകള്‍ കൂടുതലും മലയോര മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതാണ് ജലനിരപ്പ് താഴ്ന്നുനില്‍ക്കാന്‍ പ്രധാന കാരണം.

അതേസമയം, വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നാണ് ഉത്തരവില്‍ പറയുന്നത്. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയെന്ന പരാതികളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതായും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ് ആവശ്യമായ സാഹചര്യമുണ്ടായാല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മുന്‍ വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മഴക്കുറവും ഉയര്‍ന്ന ഉപഭോഗവും ഒരുമിച്ചെത്തിയതാണ് സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window