Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.3853 INR
ukmalayalampathram.com
Tue 07th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ എസ്. സോമനാഥിന് മുഖ്യമന്ത്രിയുടെ ക്ഷണം
reporter

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിനെ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളായ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍', 'സ്‌പേസ് എക്കണോമി' എന്നിവയ്ക്ക് ഉപദേശം നല്‍കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. എന്‍. രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്. സോമനാഥ് പ്രതികരിച്ചു.

വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കും

ലോകപ്രശസ്ത വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഉന്നതപഠനത്തിനും തൊഴിലിനുമായി മിടുക്കരായ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്ന പ്രവണതയും ബൗദ്ധിക ചോര്‍ച്ചയും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് യുവജനങ്ങളുടെ അനുപാതം കുറയുകയും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം ഗൗരവത്തോടെ കാണണം. ഭാവിയിലെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഈ ജനസംഖ്യാപരമായ മാറ്റം കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കള്‍ ആഗ്രഹിക്കുന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുകയും അവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. അതിലൂടെ മിടുക്കരായ യുവാക്കളെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴില്‍രംഗത്തെ മാറ്റിമറിച്ച് എഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലിന്റെ സ്വഭാവത്തെ തന്നെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കനുസരിച്ച് വിദ്യാഭ്യാസവും തൊഴില്‍ നയങ്ങളും മാറേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റില്‍ 'നോളഡ്ജ് വാലി', 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ബഹിരാകാശ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി 'സ്‌പേസ് എക്കണോമി' മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്. സോമനാഥിന്റെ വൈദഗ്ധ്യവും അനുഭവസമ്പത്തും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

 
Other News in this category

 
 




 
Close Window