Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മോദിയുടെ ചിത്രം വീടുകള്‍ക്ക് മുന്നില്‍ നിര്‍ബന്ധമാക്കുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍: വി. ശിവന്‍കുട്ടി
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് മുന്‍മന്ത്രി വി. ശിവന്‍കുട്ടി. ആത്മാഭിമാനമുള്ള ഏതൊരു മലയാളിയെയും വേദനിപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒരു ഭരണാധികാരിയുടെയോ പാര്‍ട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളില്‍ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വന്തം സ്വത്താണെന്നും പ്രഖ്യാപിച്ച സര്‍ക്കാരായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുകാര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളാണ് വീടുകളില്‍ വെച്ചത്. അങ്ങനെയുള്ള വീടുകള്‍ക്ക് മുന്നില്‍ കേന്ദ്രത്തിന്റെ ലോഗോയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമോ നിര്‍ബന്ധമായി വെക്കണമെന്ന് പറയുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ ലോഗോയില്ലാത്ത വീടുകളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലകല്‍പ്പിച്ചാണ് മുന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിലും വലിയ വഞ്ചനയാണ് നടക്കുന്നതെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഇടതുപക്ഷം അപകടം തിരിച്ചറിഞ്ഞ് മരവിപ്പിച്ച പദ്ധതി നടപ്പിലാക്കാന്‍ ലീഗും കോണ്‍ഗ്രസും വെമ്പുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിച്ചതുപോലെ ലീഗ് മന്ത്രിയെക്കൊണ്ട് തന്നെ പദ്ധതിയില്‍ ഒപ്പുവെപ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്തിനാണ് ആവേശം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുമായി ഏതെങ്കിലും തരത്തിലുള്ള 'ഡീല്‍' ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. മോദിയുടെ ചിത്രം വെക്കുന്നതിനും പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനും 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ നീക്കമെന്നും അദ്ദേഹം പരിഹസിച്ചു. മദ്യനയത്തിലും ലീഗ് നേതൃത്വം ഗൗരവകരമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി. മദ്യനികുതി കുറച്ച് മദ്യപാനം വ്യാപകമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ചന്ദ്രികയില്‍ ലേഖനം എഴുതിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും, ലീഗിന്റെ അഞ്ച് മന്ത്രിമാര്‍ രാജിവെക്കുമെന്ന വെല്ലുവിളിയെങ്കിലും പാണക്കാട് തങ്ങള്‍ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.എം. സുധീരന്റെ നിലപാടിന്റെ മാതൃക കാണിക്കാനെങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാകണമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇടതുപക്ഷ ഭരണകാലത്ത് എന്തിനെയും 'മുസ്ലിം വിരുദ്ധത' എന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആണോ യു.ജെ.പി ആണോ എന്ന ചോദ്യവും ശിവന്‍കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഉയര്‍ത്തി.

 
Other News in this category

 
 




 
Close Window