ന്യൂഡല്‍ഹി: വെനസ്വേലയില്‍ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അറിയിച്ച ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തില്‍ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ ആന്തരികാവയവവും അവശേഷിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാന്‍ എന്ന 33കാരനായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വെനസ്വേലന്‍ അധികൃതര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മേയ് മാസത്തിലാണ് രാകേഷ് ചൗഹാന്‍ വെനസ്വേലയില്‍ മരിച്ചതായി കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ മരണകാരണം വ്യക്തമാക്കുന്ന രേഖകളോ നല്‍കാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് കുടുംബം പറയുന്നു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയോടെ ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ ഡോക്ടര്‍മാരുടെ സംഘം നടത്തിയ രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍, പ്ലീഹ, ആമാശയം, കുടലുകള്‍, തൈറോയ്ഡ്, ശ്വാസനാളം, ലാറിന്‍ക്‌സ് എന്നിവ പൂര്‍ണമായും നീക്കം ചെയ്ത നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴുത്ത് മുതല്‍ അടിവയര്‍ വരെ നീളത്തില്‍ കീറി 22 തുന്നലുകളും തലയില്‍ ഒരു ചെവി മുതല്‍ മറുചെവി വരെ കീറി 21 തുന്നലുകളും ഉള്‍പ്പെടെ ആകെ 43 തുന്നലുകള്‍ മൃതദേഹത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ആന്തരികാവയവങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. മരണത്തിന് മുന്‍പുള്ള പരിക്കുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഏകദേശം ഒരു മാസത്തോളം വിദേശത്ത് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്.
2025 നവംബറിലാണ് രാകേഷ് ചൗഹാന്‍ 'എക്‌സ്ഫിനിറ്റി' എന്ന ഷിപ്പിങ് കമ്പനി വഴി മര്‍ച്ചന്റ് നേവി കപ്പലിലെ ജീവനക്കാരനായി വെനസ്വേലയിലേക്ക് പോയത്. രാകേഷിന് കപ്പലില്‍ വീഴ്ച പറ്റിയെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നും കമ്പനി അധികൃതര്‍ ആദ്യം കുടുംബത്തെ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ മരണവിവരം അറിയിക്കുകയായിരുന്നു. വീഴ്ചയിലുണ്ടായ പരിക്കാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ ആദ്യ വിശദീകരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിദേശരാജ്യങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ പരിശോധനയ്ക്കായി ചില അവയവങ്ങള്‍ മാറ്റിവെക്കുന്നത് സാധാരണമാണെങ്കിലും, എല്ലാ ആന്തരികാവയവങ്ങളും പൂര്‍ണമായി നീക്കം ചെയ്തതും അതിനെക്കുറിച്ച് യാതൊരു രേഖയും നല്‍കാത്തതുമാണ് സംശയങ്ങള്‍ ശക്തമാക്കുന്നത്. സംഭവം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയെയും അന്താരാഷ്ട്ര നടപടിക്രമങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെടണമെന്നും സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഷിപ്പിങ് കമ്പനിക്കെതിരെ അന്വേഷണം നടത്തുകയും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും വേണമെന്ന് രാകേഷിന്റെ പിതാവ് രാം ദേവ് ചൗഹാന്‍ ആവശ്യപ്പെട്ടു.