Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവിവാദം: പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി
reporter

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി നേതൃത്വം. നേതാക്കളും വക്താക്കളും സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തരുതെന്ന് കെപിസിസി നിര്‍ദേശിച്ചു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി വക്താക്കള്‍ ഇരുചേരികളായി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം രൂക്ഷമായതോടെയാണ് ഇടപെടല്‍. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചില വക്താക്കള്‍ രംഗത്തെത്തിയതും നിര്‍ദേശത്തിന് കാരണമായി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉടന്‍ മുഖ്യമന്ത്രിയെ കണ്ടേക്കും. കൂടിക്കാഴ്ചയ്ക്ക് സമയം തേടി വീണ്ടും കത്ത് നല്‍കാനാണ് ആലോചന. വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് കെഎസ്യു നേതാക്കള്‍ക്കും അലോഷ്യസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരസ്യമായ ചേരിപ്പോരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. കെപിസിസി നേതൃത്വം ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നാണ് ഇവരുടെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച അനൂപ് വി.ആര്‍., ജിന്റോ ജോണ്‍ എന്നിവരെ പാര്‍ട്ടിയുടെ മാധ്യമ പാനലില്‍നിന്ന് ഒഴിവാക്കണമെന്ന് സതീശന്‍ അനുകൂല വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ കെപിസിസി പ്രസിഡന്റിനും മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനും പരാതി നല്‍കി. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ മുന്‍ എസ്എഫ്ഐ, എബിവിപി നേതാക്കളെ ഉള്‍പ്പെടുത്തിയെന്ന കെഎസ്യുവിന്റെ പരാതി മുഖ്യമന്ത്രി തള്ളിയതാണ് വിവാദത്തിനു തുടക്കമിട്ടത്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിന് എന്തുകാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലും ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. കെഎസ്യു എക്കാലത്തും പാര്‍ട്ടിയിലെ തിരുത്തല്‍ശക്തിയാണെന്നും മുഖ്യമന്ത്രിയും കെഎസ്യുവിലൂടെ വളര്‍ന്നുവന്ന നേതാവാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window