Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണം; മനസ്സിലാകുന്ന ഭാഷയിലായിരിക്കണമെന്നും സുപ്രീം കോടതി
reporter

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം കാരണം വ്യക്തമാക്കേണ്ടതെന്നും ഇത് പാലിക്കാതെ അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ അനുച്ഛേദം 22(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം നല്‍കാത്ത പക്ഷം അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അന്വേഷണ ഏജന്‍സി അറസ്റ്റിന്റെ കാരണങ്ങള്‍ ബന്ധപ്പെട്ട വ്യക്തിക്ക് കൈമാറണം. അത് രേഖാമൂലമുള്ളതും അറസ്റ്റിലായ വ്യക്തിക്ക് വ്യക്തമായി മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിന്റെ കാരണം അറിയിക്കാതെ ഒരാളെയും കസ്റ്റഡിയില്‍ തുടരാന്‍ കഴിയില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (PMLA), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (UAPA) തുടങ്ങിയ പ്രത്യേക നിയമങ്ങള്‍ പ്രകാരമുള്ള അറസ്റ്റുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ആദ്യ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയ ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മതിയായ പുതിയ കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ വീണ്ടും അറസ്റ്റ് നടത്തുന്നതിന് മജിസ്‌ട്രേറ്റിന്റെ അനുമതിയും തേടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window