കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലന്‍സ് കോടതി കണ്ടെത്തി. 2013ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ ശിക്ഷ ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു. അതേസമയം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് അനധികൃത സ്വത്ത് സമ്പാദിച്ചതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64.70 ലക്ഷം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഈ തുകയ്ക്ക് തുല്യമായ ചെലവ് കണ്ടെത്തിയെങ്കിലും അതിനനുസരിച്ചുള്ള നിയമാനുസൃത വരുമാനം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പരിശോധനാ കാലയളവില്‍ തച്ചങ്കരി വരുമാനത്തേക്കാള്‍ 135.80 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2007ല്‍ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ ആഭ്യന്തരവകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറിയടക്കമുള്ളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡിജിപി, ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗവും സാക്ഷികളായി ഹാജരാക്കി. സര്‍വീസിലിരിക്കെ വീടുകള്‍, ഫ്‌ലാറ്റുകള്‍, ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നാരോപിച്ച് ബോബി കുരുവിള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.