കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി. ഇതോടെ അദ്ദേഹം മാനന്തവാടി ജില്ലാ ജയിലില്‍ തുടരും. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് എക്‌സൈസ് നീങ്ങുമെന്നാണ് വിവരം. വീട്ടില്‍ നിന്ന് അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച പ്രധാന വാദം. പരിശോധന നടന്ന വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും വീട് തന്റെ പേരിലല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സ്വത്തുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്നും കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ പരിഗണനയിലായതിനാല്‍ വീടുമായി ബന്ധപ്പെടുത്തി തനിക്കെതിരെ കേസ് എടുക്കാനാകില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ ഏറ്റവും ഒടുവില്‍ അടച്ച കെട്ടിട നികുതിയുടെ രേഖകള്‍ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആന്റോ അഗസ്റ്റുമായി ബന്ധപ്പെട്ട വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായാണ് കേസ്. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. അതേസമയം പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും വീട്ടില്‍ തയ്യാറാക്കിയ വൈന്‍ മാത്രമാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കാതെ അതിനെ വ്യാജമദ്യമായി ചിത്രീകരിക്കുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസിലെ വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ബത്തേരി കോടതി ജാമ്യം നിഷേധിച്ചത്. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി എക്‌സൈസ് സ്വീകരിക്കുന്ന നടപടികളും പിടിച്ചെടുത്ത ദ്രാവകത്തിന്റെ ശാസ്ത്രീയ പരിശോധനാഫലവും കേസില്‍ നിര്‍ണായകമാകും.