മലപ്പുറം: മുസ്ലിം ലീഗിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍. പച്ചയായി വര്‍ഗീയത പറയുന്നവരെ 'വര്‍ഗീയവാദികള്‍' എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടതെന്ന് ചോദിച്ച ജലീല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലിം ലീഗ് രാഷ്ട്രീയം വര്‍ഗീയ പരിപ്രേക്ഷ്യത്തിലൂടെയാണ് കാണുന്നതെന്നും ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. 'മുസ്ലിം ബിജെപിയാണ് മുസ്ലിം ലീഗ്' എന്ന കാര്യത്തില്‍ പി.എം.എ. സലാമിന് സംശയമുണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ലീഗിന്റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്ന് ജലീല്‍ പറഞ്ഞു. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിലെ ഹിന്ദു പേരുള്ള നേതാക്കളെ 'ഇടത് ഹിന്ദുത്വം' എന്ന പേരില്‍ ബിജെപിക്കാരെക്കാള്‍ അപകടകാരികളായി ചിത്രീകരിക്കാന്‍ ലീഗ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ലീഗിന്റെ 'പച്ചവര്‍ഗീയത' തുറന്നുകാട്ടാന്‍ സിപിഎം തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണെന്നും ജലീല്‍ കുറിച്ചു. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുസ്ലിം പേരുള്ള പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായപ്പോഴെല്ലാം അത് മുസ്ലിം വിരുദ്ധ നീക്കമായി ചിത്രീകരിക്കാനാണ് ലീഗ് ശ്രമിച്ചതെന്നും ജലീല്‍ ആരോപിച്ചു. ഇടത് സര്‍ക്കാരിനെ മുസ്ലിം വിരുദ്ധമായി ചിത്രീകരിച്ച് സമുദായത്തിനിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ലീഗ് ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലത്തായി കേസുമായി ബന്ധപ്പെട്ട ലീഗിന്റെ മുന്‍നിലപാടും ജലീല്‍ ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിക്കെതിരായ ശിക്ഷയുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ലീഗ് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പി.എം.എ. സലാം ഉള്‍പ്പെടെയുള്ള ചില ലീഗ് നേതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന ഭയമാണ് ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു. പി.എം ശ്രീ പദ്ധതിക്കെതിരെ നേരത്തെ ശക്തമായ പ്രചാരണം നടത്തിയ ലീഗ്, ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സര്‍ക്കാര്‍ തീരുമാനത്തെ ലീഗ് എംഎല്‍എമാര്‍ പിന്തുണച്ചതും ജലീല്‍ ചൂണ്ടിക്കാട്ടി. മതപരമായ വിഷയങ്ങളില്‍ ശക്തമായ നിലപാട് അവകാശപ്പെടുന്ന ലീഗ് ഇത്തരത്തിലുള്ള വിഷയങ്ങളില്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ സമാപന പരിപാടിയിലും 'വന്ദേമാതരം' ആലപിച്ചതുമായി ബന്ധപ്പെട്ടും ലീഗ് മൗനം പാലിച്ചുവെന്ന് ജലീല്‍ ആരോപിച്ചു. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളവരെന്ന് താന്‍ വിശേഷിപ്പിച്ച നേതാക്കളെ സര്‍ക്കാര്‍ പരിപാടികളിലേക്ക് ക്ഷണിച്ചപ്പോഴും ലീഗ് പ്രതിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ധനസഹായത്തോടെ നിര്‍മിക്കുന്ന വീടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടയാളം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലും ലീഗ് നേതൃത്വം പ്രതികരിച്ചില്ലെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍എസ്എസ് ബന്ധമുള്ളവരെ വൈസ് ചാന്‍സലര്‍മാരായും സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളായും ഗവര്‍ണര്‍ നിയമിച്ചപ്പോള്‍ മുസ്ലിം ലീഗ് ശക്തമായ പ്രതികരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍വകലാശാലയില്‍ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെയും ലീഗ് നേതൃത്വം മൗനം പാലിച്ചുവെന്നാണ് ജലീലിന്റെ വിമര്‍ശനം.
ലീഗ് നേതാക്കളില്‍ പലരുടെയും നിലവിലെ രാഷ്ട്രീയ ജീവിതം വ്യക്തിവിരോധം തീര്‍ക്കാന്‍ അധികാരം ദുരുപയോഗിക്കരുതെന്ന മുന്‍ ഇടത് സര്‍ക്കാരിന്റെ നിലപാടിന്റെ ഫലമാണെന്നും ജലീല്‍ അവകാശപ്പെട്ടു. സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗങ്ങളുടെ നിലവാരത്തിലെത്താന്‍ ലീഗ് എംപിമാര്‍ക്ക് കഴിയാത്തത് അവരുടെ കഴിവില്ലായ്മ കൊണ്ടല്ലെന്നും അതിന് പിന്നില്‍ 'ലീഗ്-ബിജെപി ഡീല്‍' ആണെന്നും ജലീല്‍ ആരോപിച്ചു. 'നാഥുറാം ഗോഡ്‌സെയെ മഹാത്മാഗാന്ധി എന്നാണോ വിളിക്കേണ്ടത്?' എന്ന ചോദ്യത്തോടെയാണ് ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ വര്‍ഗീയതയായി തുറന്നുകാട്ടാന്‍ സിപിഎം തയ്യാറാകുന്നത് ശരിയായ നടപടിയാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.