Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓപ്പറേഷന്‍ തൂഫാന്‍: തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍
reporter

തൊടുപുഴ: രാസലഹരി ഉപയോഗിച്ചെന്നാരോപിച്ച് തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. ആളൊഴിഞ്ഞ സ്ഥലത്ത് സനീഷ് ലഹരി ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്തുമ്പോഴേക്കും ലഹരി ഉപയോഗിച്ചുകഴിഞ്ഞിരുന്നുവെന്നും സ്ഥലത്തുനിന്ന് സിറിഞ്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സനീഷിന്റെ കൈവശത്തുനിന്ന് രാസലഹരി കണ്ടെത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

സംഭവസമയത്ത് സനീഷിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. തൊടുപുഴ നഗരസഭാ ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിരുന്നു. 2024ല്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ വിജിലന്‍സ് സനീഷിനെ രണ്ടാം പ്രതിയാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച സനീഷ് പിന്നീട് എല്‍ഡിഎഫ് പിന്തുണയോടെയാണ് തൊടുപുഴ നഗരസഭാ ചെയര്‍മാനായത്. കൈക്കൂലി കേസിനെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിക്കുകയും രാജിക്കായി സമ്മര്‍ദം ശക്തമാകുകയും ചെയ്തിരുന്നു. നിലവിലെ സംഭവത്തില്‍ സനീഷിനെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടാനുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി ഉപയോഗവും വിതരണവും കണ്ടെത്തുന്നതിനായി പൊലീസ് പരിശോധനകള്‍ തുടരുകയാണ്.

 
Other News in this category

 
 




 
Close Window