Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിലെ മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് 30 വയസ്; ചരിത്രം കുറിച്ച ആദ്യ കോള്‍ തകഴിയുടെ കൈകളിലൂടെ
reporter

കൊച്ചി: മലയാളിയുടെ ജീവിതം മാറ്റിമറിച്ച മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് ഇന്ന് 30 വയസ്. ലാന്‍ഡ് ഫോണുകളുടെ പരിമിതികളില്‍ ഒതുങ്ങിയിരുന്ന കേരളത്തിലേക്ക് മൊബൈല്‍ ഫോണ്‍ സേവനം എത്തിയത് 1996 സെപ്റ്റംബര്‍ 17-നായിരുന്നു. മലയാള സാഹിത്യത്തിലെ അതികായന്‍ തകഴി ശിവശങ്കരപ്പിള്ളയും പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയും സാക്ഷിയായ ആ ചരിത്ര നിമിഷം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിലെ നിര്‍ണായക അധ്യായമായി തുടരുന്നു. എസ്‌കോടെല്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍സിന്റെ കേരളത്തിലെ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റിലായിരുന്നു ആദ്യ മൊബൈല്‍ കോള്‍ നടന്നത്. ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. ടാന്‍ഡനെയാണ് മൊബൈല്‍ ഫോണിലൂടെ വിളിച്ചത്. തുടര്‍ന്ന് മാധവിക്കുട്ടിയും ടാന്‍ഡനുമായി സംസാരിച്ചു.

2023ല്‍ നൈനിറ്റാളിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ സംസാരിക്കവെ ആ ചരിത്രനിമിഷത്തെ വൈസ് അഡ്മിറല്‍ ടാന്‍ഡന്‍ ഓര്‍ത്തെടുത്തിരുന്നു. 1996 ഏപ്രിലില്‍ ചുമതലയേറ്റ ശേഷം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ സന്ദര്‍ശിച്ചപ്പോള്‍ ഏതാനും മാസങ്ങള്‍ക്കകം കേരളത്തില്‍ മൊബൈല്‍ സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. മൊബൈല്‍ സാങ്കേതികവിദ്യ കേരളത്തിന്റെ വികസനത്തില്‍ വലിയ ചുവടുവെപ്പാകുമെന്ന് അന്ന് കരുതിയിരുന്നെങ്കിലും, അത് ഇത്ര വലിയ ജനകീയ വിപ്ലവമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ടാന്‍ഡന്‍ ഓര്‍മിച്ചിരുന്നു.

1998 മാര്‍ച്ചില്‍ വിരമിച്ചതിന് ശേഷമാണ് അദ്ദേഹം സ്വന്തം ആദ്യ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. എയര്‍ടെല്‍ സിമ്മായിരുന്നു ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ വളരെ പരിമിതമായ ഉപയോഗമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് ലാന്‍ഡ്ലൈന്‍ സൗകര്യം പോലും ലഭ്യമല്ലാത്ത മലയോര ഗ്രാമങ്ങളിലേക്കും എത്തി ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് അവന്യൂ റീജന്റിലെ ജീവനക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഒരു അത്ഭുതമായിരുന്നു. വര്‍ഷങ്ങളായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷെഫ് ജോഷ്വ പിന്നീട് ആ അനുഭവം ഓര്‍ത്തെടുത്തത് കൗതുകത്തോടെയായിരുന്നു. തകഴി ഫോണില്‍ സംസാരിക്കുമ്പോള്‍ മറുവശത്തുനിന്ന് ഒരാള്‍ 'ഹലോ' എന്ന് മറുപടി പറയുന്നത് വിശ്വസിക്കാനാകാത്ത അനുഭവമായിരുന്നുവെന്നും മുകളില്‍ നീണ്ട ആന്റിനയുള്ള ചെറിയ ഉപകരണത്തെ ജീവനക്കാരെല്ലാം അതിശയത്തോടെയാണ് നോക്കിനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ സെല്ലുലാര്‍ ശൃംഖല വികസിപ്പിക്കാന്‍ എസ്‌കോടെല്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. അന്ന് ഒരു മിനിറ്റ് ഔട്ട്ഗോയിങ് കോളിന് 16 രൂപയായിരുന്നു നിരക്ക്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് തുടക്കമായത് 1995 ജൂലൈ 31-നായിരുന്നു. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമിനെ മൊബൈല്‍ ഫോണിലൂടെ വിളിച്ചതോടെയാണ് രാജ്യത്തെ ആദ്യ മൊബൈല്‍ കോള്‍ ചരിത്രത്തില്‍ ഇടംനേടിയത്. അതിന് തൊട്ടുപിന്നാലെ കേരളവും സ്വന്തം മൊബൈല്‍ ചരിത്രത്തിന്റെ ആദ്യ അധ്യായം എഴുതിച്ചേര്‍ത്തു. മൂന്ന് പതിറ്റാണ്ടിനിടെ മൊബൈല്‍ ഫോണ്‍ ഒരു ആഡംബര ഉപകരണത്തില്‍നിന്ന് ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വിനോദം, ആശയവിനിമയം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന സ്മാര്‍ട്ട്‌ഫോണായി മാറി. 1996ല്‍ അത്ഭുതത്തോടെ നോക്കിനിന്ന ആ ചെറിയ ഉപകരണം ഇന്ന് മലയാളിയുടെ കൈവിരല്‍ത്തുമ്പില്‍ ലോകം എത്തിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window