എരുമേലി: നിലവിലെ എംഎല്‍എയുടെ ക്ഷണപ്രകാരം മുന്‍ എംഎല്‍എ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാന പങ്കുവഹിക്കുകയും ശിലാഫലകത്തില്‍ വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കി 'പൂഞ്ഞാര്‍ എംഎല്‍എ' എന്നു മാത്രം രേഖപ്പെടുത്തുകയും ചെയ്ത എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം ശ്രദ്ധേയമായി. നിലവിലെ പൂഞ്ഞാര്‍ എംഎല്‍എ എം.ജെ. സെബാസ്റ്റ്യനും മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ചേര്‍ന്നാണ് പാലം നാടിന് സമര്‍പ്പിച്ചത്. പൊതുസമ്മേളനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. വാഴക്കാല-ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് തുടക്കമായത്. അന്ന് പൂഞ്ഞാര്‍ എംഎല്‍എയായിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നിര്‍മാണം പൂര്‍ത്തിയായത്.
പാലം പൂര്‍ത്തിയായതോടെ മുന്‍ എംഎല്‍എയെ ഉദ്ഘാടനച്ചടങ്ങിലേക്ക് നിലവിലെ എംഎല്‍എ എം.ജെ. സെബാസ്റ്റ്യന്‍ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടന ഫലകത്തില്‍ തന്റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതോടെയാണ് വ്യക്തിയുടെ പേരിനു പകരം 'ഉദ്ഘാടനം: പൂഞ്ഞാര്‍ എംഎല്‍എ' എന്നു മാത്രം ഫലകത്തില്‍ രേഖപ്പെടുത്തിയത്. പാലത്തിന്റെ യഥാര്‍ഥ അവകാശം പദ്ധതിക്കായി ഫണ്ട് അനുവദിച്ച മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണെന്നും വികസന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എം.ജെ. സെബാസ്റ്റ്യന്‍ ചടങ്ങില്‍ വ്യക്തമാക്കി. രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ആരംഭിച്ച വികസന പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ചടങ്ങിനെ ശ്രദ്ധേയമാക്കിയത്.
2018ലെ പ്രളയത്തിലാണ് എരുമേലി വലിയതോടിന് കുറുകെയുണ്ടായിരുന്ന പഴയ ആമക്കുന്ന് പാലത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചത്. അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴയ പാലത്തിന് പകരം 15.5 മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മിച്ചത്. പുതിയ പാലം തുറന്നതോടെ വാഴക്കാല, ആമക്കുന്ന് മേഖലകളില്‍ താമസിക്കുന്ന മുന്നൂറിലധികം കുടുംബങ്ങളുടെ ദീര്‍ഘകാല യാത്രാപ്രശ്‌നത്തിനാണ് പരിഹാരമായത്. പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിലും പുതിയ പാലം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലുള്ള ജനപ്രതിനിധികള്‍ വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഒരേ വേദിയിലെത്തിയതും മുന്‍ഗാമിയുടെ പങ്ക് അംഗീകരിക്കുന്ന സമീപനം സ്വീകരിച്ചതുമാണ് ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനത്തെ പ്രാദേശിക രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കിയത്.