Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാധ്യമങ്ങളുമായുള്ള പോര് രൂക്ഷം; 24 മണിക്കൂര്‍ 'ട്രംപ് ടിവി'യുമായി വൈറ്റ് ഹൗസ്
reporter

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ 24 മണിക്കൂര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ 'ട്രംപ് ടിവി'യുമായി വൈറ്റ് ഹൗസ് രംഗത്ത്. 'Trump TV: The Essentials Station' എന്ന പേരില്‍ ആരംഭിച്ച സ്ട്രീമില്‍ ട്രംപിന്റെ പഴയ പ്രസംഗങ്ങള്‍, പൊതുപരിപാടികള്‍, ഭരണകൂട പ്രഖ്യാപനങ്ങള്‍, പുതിയ അപ്ഡേറ്റുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേഷണം. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുള്‍പ്പെടെയുള്ള മുന്‍കാല പരിപാടികളുടെ ദൃശ്യങ്ങളോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും പരിപാടികള്‍ പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കാതെ നേരിട്ട് ജനങ്ങളിലെത്തിക്കാനുള്ള പുതിയ മാര്‍ഗമായാണ് വൈറ്റ് ഹൗസ് ഇതിനെ അവതരിപ്പിക്കുന്നത്.

CNN, Politico, MS NOW എന്നിവയ്ക്ക് വിലക്ക്

തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് CNN, Politico, MS NOW എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം ട്രംപ് ഭരണകൂടം നേരത്തെ വിലക്കിയിരുന്നു. ഇതിനെതിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് നിലപാടിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നാണ് ഇവരുടെ വാദം. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസിലേക്ക് പ്രവേശനം അനുവദിക്കണമെന്നത് ഭരണകൂടത്തിന്റെ നിര്‍ബന്ധിത ബാധ്യതയല്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് താന്‍ കരുതുന്ന മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നിയമപോരാട്ടം

വിലക്കിനെതിരെ CNN, MS NOW, Politico എന്നിവര്‍ നല്‍കിയ കേസ് യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലിയുടെ പരിഗണനയിലാണ്. വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്നാണ് മാധ്യമസ്ഥാപനങ്ങളുടെ ആവശ്യം. റിപ്പോര്‍ട്ടിങ്ങിന്റെ ഉള്ളടക്കമോ എഡിറ്റോറിയല്‍ നിലപാടോ അടിസ്ഥാനമാക്കി മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. വിലക്കിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് ടെലിവിഷന്‍ പൂള്‍ സംവിധാനത്തിലും പ്രതിസന്ധിയുണ്ടായി. ട്രംപിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ പൂള്‍ കവറേജ് നല്‍കേണ്ടിയിരുന്ന CNN ഒഴിവാക്കപ്പെട്ടതിനു പിന്നാലെ മറ്റ് പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും താല്‍ക്കാലികമായി പൂള്‍ കവറേജില്‍നിന്ന് പിന്മാറി.

ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് നേരിട്ടുള്ള ഡിജിറ്റല്‍ സംപ്രേഷണ സംവിധാനമായ 'ട്രംപ് ടിവി' ആരംഭിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ പരിപാടികളും പ്രസിഡന്റിന്റെ പ്രസംഗങ്ങളും തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ട്രംപ് നിലവില്‍ ന്യൂയോര്‍ക്കിലാണുള്ളത്. വിവിധ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടിയിലുണ്ട്.

 
Other News in this category

 
 




 
Close Window